 
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ പുനർനിർമിച്ച കായനാട് ഗവ. എൽ.പി സ്‌കൂളിന്റെ ഉദ്ഘാടനം 20ന് രാവിലെ 10ന് വ്യവസായമന്ത്രി പി. രാജീവ് നിർവ്വഹിക്കും. 2018ലെ പ്രളയത്തിൽ സ്‌കൂൾ പൂർണ്ണമായും മുങ്ങിപ്പോയപ്പോൾ സുരക്ഷിതമല്ലെന്ന് അധികൃതർ വിധിയെഴുതിയതോടെ സ്‌കൂൾ അടച്ച് പൂട്ടുകയായിരുന്നു. മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റേയും മുൻ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്റെയും ഇടപെടലിനെത്തുടർന്ന് സംസ്ഥാന സർക്കാർ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻഡസ്ടീസിന്റെ സി.എസ്.ആർ ഫണ്ടിൽനിന്ന് ഒരുകോടി 32 ലക്ഷം രൂപ അനുവദിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ കാലതാമസം ഉണ്ടാക്കിയെങ്കിലും അടച്ചുപൂട്ടലിൽനിന്ന് ഒഴിവായി സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. സ്കൂൾ അടച്ച് പൂട്ടിയങ്കിലും സ്‌കൂളിന്റെ പ്രവർത്തനം കായനാട് സെന്റ് ജോർജ് പള്ളിയുടെ സൺഡേ സ്‌കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റുകയായിരുന്നു. റോഡിനോടു ചേർന്നുള്ള സ്ഥലത്താണ് സ്‌കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്.