മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയിൽ കായിക ആവേശത്തിന് തിരികൊളുത്തി പ്രഥമ ജില്ലാ ഒളിമ്പിക്സ് ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചു. ഗുസ്തി മത്സരം ഫോർട്ടുകൊച്ചി പട്ടാളം മൈതാനിയിലും ബോക്സിംഗ് മത്സരം കൊച്ചിൻ ജിംനേഷ്യം ഗ്രൗണ്ടിലും നടന്നു. വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ കൊച്ചിൻ ജിംനേഷ്യം ഓവറോൾ കിരീടം നേടി. വനിതകളുടെയും പുരുഷൻമാരുടെയും വിഭാഗത്തിൽ മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യം ഒന്നാം സ്ഥാനം നേടിയപ്പോൾ ഇരുവിഭാഗങ്ങളിലും കോതമംഗലം എം.എ കോളേജിനാണ് രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തിൽ എറണാകുളം ജിംനേഷ്യം മൂന്നും വനിതാ വിഭാഗത്തിൽ പള്ളുരുത്തി മാക്സ് ബേൺ ഫിറ്റ്നസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങൾ നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. വെയിറ്റ് ലിഫ്ടിംഗ് അസോസിയേഷൻ ജില്ലാവൈസ് പ്രസിഡന്റ് ടി.കെ.ഷഹീർ അദ്ധ്യക്ഷനായി. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഒഫ് കേരള ബോർഡ്‌ ചെയർമാൻ ബിനോയ്‌ ജോസഫ് സമ്മാനദാനം നിർവഹിച്ചു. കൊച്ചിൻ ജിംനേഷ്യം പ്രസിഡന്റ്‌ വി.എസ്. ഷിഹാബുദീൻ, സെക്രട്ടറി എം.എച്ച്. സുകുമാരൻ, എം.എം.ഒ.എച്ച് സ്കൂൾ പ്രധാന അദ്ധ്യാപിക വി.എ. ഷൈൻ, എം.എം. സലീം, സോമൻ എം. മേനോൻ, വി.എ. ഉമ്മർ കുട്ടി, ശിഹാബ് റഹ്മാൻ, എം.ഐ നിയാസ്, സി.എച്ച് അഫ്സൽ, വി.ബി.അൻസാർ, ജില്ലാ വെയ്റ്റ് ലിഫ്ടിംഗ് അസോസിയേഷൻ സെക്രട്ടറി എം.ആർ. രജീഷ് എന്നിവർ സംസാരിച്ചു.