കൊച്ചി: പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് യാതനകളുടെയും വിവേചനത്തിന്റെയും കൊടിയ ദാരിദ്ര്യത്തിന്റെയും കഠിനപാതകൾ താണ്ടി ഉയർന്നുവന്ന ടി.കെ.സി. വടുതല സാഹിത്യത്തിലെ കീഴാളജനതയുടെ ഉറച്ച ശബ്ദമായിരുന്നെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.

ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അരനൂറ്റാണ്ടു മുമ്പ് കേരളത്തിലെ ദളിത് ജനത അനുഭവിച്ച ചൂഷണവും വിവേചനവും ദൈന്യതയും കഷ്ടപ്പാടുമെല്ലാം കഥകളിലൂടെയും നോവലിലൂടെയും അദ്ദേഹം അടയാളപ്പെടുത്തി. മലയാള സാഹിത്യത്തിലോ ധൈഷണികമണ്ഡലത്തിലോ ദളിത് സാഹിത്യം ഇല്ലാതിരുന്ന അരനൂറ്റാണ്ടു മുമ്പ് ടി.കെ.സി ദളിത് ജീവിതത്തെയാണ് ആവിഷ്‌കരിച്ചത്. സഹോദരൻ അയ്യപ്പന്റെയും പണ്ഡിറ്റ് കെ.പി. കറുപ്പന്റെയും സ്വാധീനം ടി.കെ.സിയിൽ ഉണ്ടായിരുന്നെന്നും സ്പീക്കർ പറഞ്ഞു.

ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി. മുൻമന്ത്രി പ്രൊഫ. കെ.വി. തോമസ്, എം.എൽ.എമാരായ കെ.ബാബു, ടി.ജെ. വിനോദ് തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സ്വാഗതം പറഞ്ഞു.