exhibition

കൊച്ചി: സാമൂഹ്യപ്രതിബദ്ധത ഉണർത്തുന്ന ചിത്രങ്ങൾ കാൻവാസിലൊരുക്കി ശ്രദ്ധേയമായി റിമാർക്‌സ് ചിത്രപ്രദർശനം. ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ കൊവിഡ് കാലഘട്ടത്തിലെ ജീവിതവും കുട്ടികൾ അനുഭവിച്ച ദുരിതങ്ങളും, പ്രകൃതി, വന്യ ജീവികൾ, സാമൂഹിക പ്രശ്നങ്ങൾ, പ്രദേശിക വിഷയങ്ങൾ എന്നിവ നിറഞ്ഞുനിന്നു. ശ്രീജിത്ത് പൊറ്റേക്കാട്ട്, നിസാർ കാക്കനാട്, സുജിത്ത് ക്രയോൺസ്, അഡ്വ. ബിനു രാജീവ്, സുരജ മനു അമൽദേവ്, മഞ്ജു സാഗർ, ശ്രീകുമാർ അയിരൂർ, ടി. ബിബിൻലാൽ, സുഭാഷ് ബാലൻ എന്നിവർ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. അക്രിലിക്, ചാർക്കോൾ, മിക്സഡ് കാൻവാസ് എന്നിവയിലാണ് ചിത്രങ്ങൾ വരച്ചത്. പ്രിസം ഗ്രൂപ്പിലെ അംഗങ്ങളായ ഇവരുടെ രണ്ടാമത്തെ ചിത്രപ്രദർശനമാണിത്. ഒരു മാസം മുമ്പ് അല എന്ന പേരിൽ ആലപ്പുഴ ലളിതകല അക്കാഡമി ആർട്ട് ഗാലറിയിലും പ്രദർശനം നടത്തിയിരുന്നു. ഒരു മാസം കൊണ്ടും ആഴ്ചകൾ കൊണ്ടും വരച്ച 30 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. പ്രദർശനം ഇന്നലെ അവസാനിച്ചു.