hema

കൊച്ചി: സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽസാഹചര്യവും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിഷനായി സർക്കാർ ചെലവഴിച്ചത് 1,06,55,000 കോടി രൂപ. ഹോട്ടലുകളിൽ സിറ്റിംഗുകൾക്ക് 2,23,129 രൂപ വിനിയോഗിച്ചു. 1,09,617 രൂപയാണ് യാത്രാച്ചെലവ്. ശേഷിക്കുന്ന തുക കമ്മിഷന്റെ പ്രവ‌‌‌ർത്തനത്തിനായാണ് ഉപയോഗിച്ചതെന്ന് വിവരാവകാശ രേഖയിൽ കേരള ചലചിത്ര അക്കാഡമി അറിയിച്ചു.

2019 ഡിസംബർ 31ന് കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് സമ‌ർപ്പിച്ചെങ്കിലും ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ സിനിമാ മേഖലയിൽ നിന്നുൾപ്പെടെ വിമർശനം ഉയർന്നതോടെ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ചലച്ചിത്ര അക്കാഡമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് അണ്ടർ സെക്രട്ടറി, നിയമ വകുപ്പ് അണ്ടർ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.

 നാലംഗ കമ്മിഷൻ

നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ 2017 ജൂലായ് 16നാണ് ജസ്റ്റിസ് കെ. ഹേമ അദ്ധ്യക്ഷയായ സമിതിയെ നിയോഗിക്കുന്നത്. ജസ്റ്റിസ് കെ. ഹേമ, നടി ശാരദ, കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

 കമ്മിഷനുകൾ - ചെവഴിച്ച തുക

• സോളാർ കമ്മിഷൻ: 7.5 കോടി

• ഭരണപരിഷ്കാര കമ്മിഷൻ: 9.68 കോടി

കോടികൾ ചെലവഴിച്ച് കമ്മിഷനുകൾ വിഷയം പഠിച്ച് സ‌ർക്കാരിന് റിപ്പോർ‌ട്ട് സമർപ്പിക്കും. തുടർ നടപടി ഉണ്ടാകാറില്ല. ഇത് സ‌ർക്കാരിന്റെ ഖജനാവ് കാലിയാക്കാനേ സഹായിക്കൂ.

-രാജു വാഴക്കാല

വിവരാവകാശ പ്രവർത്തകൻ

''നീതിക്ക് വേണ്ടി ഇനിയും എത്ര നാൾ കാത്തിരിക്കണം. ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു, സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വർഷങ്ങളും.''

-ഡബ്ല്യു.സി.സി