 
കുറുപ്പംപടി: രായമംഗലം കൂട്ടുമഠം പെരക്കാട് ക്ഷേത്രങ്ങളിൽ തിരുവാതിര, തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. പെരയ്ക്കാട് മഹാദേവക്ഷേത്രത്തിൽ തന്ത്രി കിടങ്ങശേരി ദേവൻ നാരായണൻ നമ്പൂതിരി കൊടിയേറ്റി. 15നാണ് വലിയവിളക്കാഘോഷം. രാവിലെ പഞ്ചാരിമേളം, വൈകിട്ട് പഞ്ചവാദ്യം, രാത്രി ഗജവീരന്റെ അകമ്പടിയോടെ വിളക്കെഴുന്നള്ളിപ്പ്. 16ന് രാവിലെ 8ന് ആറാട്ട്, കൊടിയിറക്കൽ.
17ന് കൂട്ടുമഠം ക്ഷേത്രത്തിൽ ഗജവീരന്റെ അകമ്പടിയോടെ രാവിലെ ശ്രീബലി, വൈകിട്ട് കാഴ്ചശ്രീബലി, രാത്രി കല്ലറയ്ക്കൽ തറവാട്ടിൽനിന്ന് പറസ്വീകരണം, തുടർന്ന് വിളക്കെഴുന്നള്ളിപ്പ്. 18ന് തൈപ്പൂയ മഹോത്സവം. രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെ അഭിഷേകം, കാവടി അഭിഷേകം, ആനപ്പുറത്ത് കാവടി, വൈകിട്ട് കാഴ്ചശ്രീബലി, രാത്രി 8ന് ഭസ്മക്കാവടി എതിരേൽപ്പ്, തുടർന്ന് ഭസ്മാഭിഷേകം, 10ന് വിളക്കെഴുന്നള്ളിപ്പ്, വെള്ളിക്കുടത്തിൽ വലിയകാണിക്ക. ഭാരവാഹികളായ ബിജു.ഡി, അശോക്‌കുമാർ, സോമസുന്ദരൻ തുടങ്ങിയവർ നേതൃത്വം നൽകും.