ആലുവ: ആലുവ നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 26ന് നഗരശുചീകരണവും ഫെബ്രുവരിയിൽ ഷട്ടിൽ ടൂർണമെന്റും സംഘടിപ്പിക്കാൻ ശതാബ്ദി ആഘോഷ എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി ചെയർമാൻ എം.ഒ. ജോൺ, സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, ജനറൽ കൺവീനർ എം.എൻ. സത്യദേവൻ എന്നിവർ അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിൽ രാവിലെ എട്ടിന് മുനിസിപ്പൽ ഓഫീസിൽ പതാക ഉയർത്തും. തുടർന്ന് കുടുംബശ്രീ, ആശാ വർക്കർമാർ, റാസിഡന്റ്സ് അസോസിയേഷൻ, എൻ.എസ്.എസ് യൂണിറ്റുകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി മെഗാ ശുചീകരണം നടത്തും. ഷട്ടിൽ ടൂർണമെന്റ് നഗരത്തിലെ വിവിധ വേദികളിലായി സംഘടിപ്പിക്കും. യോഗത്തിൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, സ്വാഗതസംഘം ജനറൽ കൺവീനർ എം.എൻ. സത്യദേവൻ, വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ ജെയ്‌സൺ പീറ്റർ, പി.പി. ജെയിംസ്, കെ. ജയകുമാർ എന്നിവർ സംബന്ധിച്ചു.