മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തു ഭാരവാഹികൾ സ്ഥാനമേറ്റതിന്റെ പ്രഥമ വാർഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ നടപ്പാക്കും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന 8 ഗ്രാമപഞ്ചായത്തുകളിലെയും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം 13ന് ഉച്ചകഴിഞ്ഞ് 2ന് ബ്ലോക്കുപഞ്ചായത്ത് ഹാളിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവ്വഹിക്കും .
14 ന് പി.എം.എ.വൈ (ജി) ഗുണഭോക്തൃ സംഗമവും ആദ്യഗഡു വിതരണവും രാവിലെ 10.30ന് ബ്ലോക്കുപഞ്ചായത്ത് ഹാളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും.
15 ന് രാവിലെ 9.30ന് ഭിന്നശേഷിക്കാർക്കുള്ള നിരാമയ ഇൻഷ്വറൻസ് കാർഡ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിക്കും. ഉച്ചക്ക് 2 ന് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കുമുള്ള അവബോധന ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് ജഡ്ജ് ദിനേശ്.എം. പിള്ള നിർവ്വഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ അറിയിച്ചു.