കൂത്താട്ടുകുളം: നഗരസഭ ഭരണസമിതി വാർഷികവും ലീഡിംഗ് ചാനൽ ഉദ്ഘാടനവും നാളെ രാവിലെ 9ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.എം.വി.ഐ.പി കനാൽ വെള്ളം കൂത്താട്ടുകുളം ചന്തത്തോട്ടിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് പൂർത്തിയായത്.

നഗരസഭ 14.70 ലക്ഷം മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. പുതുതായി ഒന്നരമീറ്ററോളം വീതിയിൽ 500 മീറ്റർ നീളത്തിൽ കനാൽ നിർമ്മിച്ചിട്ടുണ്ട്. പമ്പിംഗ് തുടങ്ങി മൂന്നുമണിക്കൂർകൊണ്ട് ചന്തത്തോട്ടിൽ വെള്ളം സുലഭമായെത്തും. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന നഗരപ്രദേശവും ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം പമ്പുചെയ്യുന്ന കിണറുകൾക്കും പദ്ധതി ഗുണകരമാകും.
വേനൽക്കാലമാകുന്നതോടെ മാലിന്യങ്ങൾ നിറയുന്ന ചന്തത്തോട്ടിലേക്ക് വെള്ളം എത്തുന്നത് പ്രദേശവാസികൾക്ക് വലിയൊരാശ്വാസമാകും. ജലവിതാനം ഉയരുന്നതോടെ പ്രദേശത്തെ കാലിക്കറ്റ്, പാലകുന്നേൽ താഴം, കടമ്പനാട്ട്, ചെള്ളക്കപ്പടി തുടങ്ങിയ ചെറുതും വലുതുമായ കുടിവെള്ള പദ്ധതികൾക്ക് വേനൽക്കാലത്തും പൂർണതോതിൽ പമ്പിംഗ് നടത്താനാകുമെന്ന് നഗരസഭ ചെയർപേഴ്സൻഷ വിജയ ശിവൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, അംബിക രാജേന്ദ്രൻ, റോബിൻ ജോൺ വൻനിലം, ജിജി ഷാനവാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.