dh-road

കൊച്ചി: മൂന്നാം തരംഗ ഭീഷണിയുയർത്തി ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നഗരത്തിലെയും നിരത്തുകളിലെയും തിരക്ക് കുറഞ്ഞു. മാളുകളിലും മാർക്കറ്റുകളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. രോഗനിരക്ക് 20 ശതമാനം കടന്നതോടെ ആരോഗ്യവിഭാഗവും കരുതൽ നടപടികൾ ആരംഭിച്ചു.

വസ്ത്രവ്യാപാരശാലകളും ജ്വല്ലറികളും രാത്രി ഒൻപത് വരെയും ഭക്ഷണശാലകൾ അർദ്ധരാത്രിക്ക് ശേഷവും പ്രവർത്തിച്ചിരുന്നു. ഇവയെല്ലാം ഇപ്പോൾ നേരത്തെ അടയ്ക്കുകയാണ്. ബസുകളിലെ തിരക്കും കുറഞ്ഞു. രാവിലെ സമയങ്ങളിൽ പോലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ട്. വൈകിട്ട് ഏഴിനു ശേഷം നഗരത്തിൽ തിരക്ക് നന്നേ കുറഞ്ഞെന്ന് വ്യാപാരികളും ഓട്ടോ- ടാക്‌സി തൊഴിലാളികളും പറയുന്നു.

ഒന്നിച്ച് പുറത്തേക്കിറങ്ങുന്നതിലും സമയം ചെലവഴിക്കുന്നതിനുമൊക്കെ കുടുംബങ്ങൾ മടിക്കുന്നുണ്ടെന്നും ഒമിക്രോൺ ഭീതി കാരണമാകാമെന്നും വ്യാപാരികൾ പറഞ്ഞു.

കരുതലോടെ...
കൊവിഡ് വ്യാപനവും ടി.പി.ആറും വർദ്ധിച്ചതോടെ ജില്ലാ ആരോഗ്യ വിഭാഗവും ജില്ലാ ഭരണകൂടവും കരുതൽ നടപടികൾ സ്വീകരിച്ച് തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. സർക്കാർ നിർദേശപ്രകാരം ഏത് സാഹചര്യവും നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായിട്ടാവും മുന്നൊരുക്കങ്ങൾ.


ഒന്നാം ഘട്ടം

കുടുംബങ്ങൾ ജോലിത്തിരക്ക് കഴിഞ്ഞ് നഗരത്തിലേയ്ക്ക് വന്നു തുടങ്ങിയിരുന്നു. അതിൽ കുറവ് വന്നു. ഭക്ഷണശാലകളെ ഉൾപ്പെടെ കാര്യമായി ബാധിക്കുന്നുണ്ട്.
എ.ജെ.റിയാസ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കഴിഞ്ഞ നാലഞ്ചു ദിവസമായി യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്
അജേഷ്
ഓട്ടോത്തൊഴിലാളി

ആളുകൾ നേരത്തെ എത്തി സാധനങ്ങൾ വാങ്ങിച്ചു മടങ്ങുകയാണ്. ഏഴുമണിക്ക് ശേഷം തിരക്ക് നന്നേ കുറഞ്ഞിട്ടുണ്ട്.
വിജയൻ
പലചരക്ക് കച്ചവടക്കാരൻ
തമ്മനം

സ്വകാര്യ ബസുകളുടെ പ്രതിസന്ധി ദിനംപ്രതി കൂടുകയാണ്. ഒരാഴ്ചയായി ബസുകളിൽ യാത്രക്കാർ കുറവാണ്. ഇടസമയത്ത് പകുതി ആളുകൾ പോലുമില്ലാതെയാണ് ട്രിപ്പ്.
എം.പി. സത്യൻ
പ്രസിഡന്റ്
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ