mla
നെല്ലാട്ടിൽ റോഡിന്റെ അറ്റകുറ്റപ്പണി പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

കിഴക്കമ്പലം: കിഴക്കമ്പലം നെല്ലാട് റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. പത്ത് വർഷത്തിലധികമായി തകർന്നു തരിപ്പണമായി കിടന്ന റോഡിൽ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് 2.12 കോട‌ി രൂപ താത്കാലിക അറ്റകുറ്റപണിക്കായി അനുവദിച്ചിരുന്നു. പ്രാഥമികമായി ഗട്ടറുകൾ ഒഴിവാക്കി സഞ്ചാരയോഗ്യമാക്കും. വെറ്റ് മിക്സ് നിരത്തിയ ശേഷം ഡി.ബി.എം ലെവലിൽ ടാറിംഗ് പൂർത്തിയാക്കും. രണ്ടാഴ്ചകൊണ്ട് പണി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. നെല്ലാട് നിന്ന് തിങ്കളാഴ്ച മുതലാണ് പണി ആരംഭിച്ചത്. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവർത്തന പുരോഗതി വിലയിരുത്തി. ആധുനികരീതിയിൽ റോഡിന്റെ നിർമ്മാണത്തിനുള്ള സാങ്കേതികപ്രവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കം കുറിച്ചതായി എം.എൽ.എ പറഞ്ഞു. സർവേ നടപടികൾ പൂർത്തിയാക്കിയശേഷം സാങ്കേതികഅനുമതിക്ക് സമർപ്പിക്കും. ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.