തൃപ്പൂണിത്തുറ: ഇരുവൃക്കകളും തകരാറിലായ തൃപ്പൂണിത്തുറ എസ്.എം.പി കോളനി നിവാസിയായ ഓട്ടോഡ്രൈവറുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ സംഗീത പരിപാടിയുമായി എറണാകുളം ജോയിന്റ് ആർ.ടി.ഒ കെ.കെ.രാജീവ്. ഇന്ന് വൈകിട്ട് 6ന് തൃപ്പൂണിത്തുറയിൽ എരൂർ ആസാദ് പാർക്കിലാണ് രാജീവിന്റെ നേതൃത്വത്തിൽ ഫ്ലൂട്ട് സോളോ പരിപാടി. ഒട്ടേറെ സംഗീത പരിപാടികളിലൂടെയും "മലരേ മൗനമായി" എന്ന മ്യൂസിക് ആൽബത്തിലൂടെയും പുല്ലാങ്കുഴൽ ആസ്വാദകർക്ക് സുപരിചിതനാണ് രാജീവ്. സർക്കാർ ഉദ്യോഗസ്‌ഥർ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ തൃപ്പൂണിത്തുറ സോൾമേറ്റ്സ് ബാന്റുമായി ചേർന്നാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. വെണ്ണല സ്വദേശിയാണ് രാജീവ്.