airport-jn
അപകടമുനമ്പായി മാറിയ അത്താണി എയർപോർട്ട് റോഡ് കവല

നെടുമ്പാശേരി: ദേശീയപാതയിൽ അത്താണി എയർപോർട്ട് കവലയിലെ അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടിയാവശ്യപ്പെട്ട് പൊലീസ് ദേശീയപാത അധികൃതർക്ക് കത്തുനൽകി.

ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ ഇവിടെ പല പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയെങ്കിലും അവയൊന്നും പ്രയോജനം ചെയ്യപ്പെട്ടിട്ടില്ല. അടുത്തിടെയാണ് ആലുവ യു.സി കോളജ് കടൂപ്പാടം സ്വദേശിനിയായ വീട്ടമ്മ ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ ചരക്കുലോറി ഇടിച്ചുമരിച്ചത്. സമാനസ്വഭാവത്തിലുള്ള അപകടങ്ങൾ പലവട്ടം ഉണ്ടായിട്ടുണ്ട്. ഇവിടെ യൂടേൺ തിരിയുന്ന പടിഞ്ഞാറുവശം താഴ്ന്നുകിടക്കുന്നതും കുത്തനെയുള്ള വളവുമാണ് അപകടത്തിന് കാരണം. സിഗ്നൽ തെളിയുന്നതിന് മുമ്പേ വാഹനങ്ങൾ പായുന്നതും ട്രാഫിക് നിയമം ലംഘിക്കുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. റോഡിലെ ചരിവും വളവും യൂ ടേണുമാണ് അപകടങ്ങൾ രൂക്ഷമാകാൻ കാരണം.

 ട്രാഫിക് പരിഷ്‌കാരം ആവശ്യപ്പെട്ട് പൊലീസ്

ജനരോഷം ശക്തമായതോടെയാണ് പൊലീസ് ട്രാഫിക് പരിഷ്‌കാരം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് കത്തെഴുതിയിട്ടുള്ളത്. ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കോട്ടായി മുതൽ എയർപോർട്ട് കവലവരെ 500, 300, 100 മീറ്റർ ദൂരങ്ങളിൽ വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് സൂചനയായി 'കീപ്പ് റൈറ്റ്' ബോർഡുകൾ സ്ഥാപിക്കണമെന്നാണ് പൊലീസ് ദേശീയപാത അധികൃതരോട് നിർദ്ദേശിച്ചിട്ടുള്ളത്. എയർപോർട്ടിലേക്ക് തിരിയുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാൻ നിരത്തിൽ മഞ്ഞ സീബ്രലെയിൻ സ്ഥാപിക്കണമെന്നും അങ്കമാലി ഭാഗത്തേക്ക് പോകുന്ന മറ്റ് വാഹനങ്ങൾക്ക് അപകടമില്ലാതെ സഞ്ചരിക്കാൻ സംവിധാനം ഒരുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അസീസി സ്‌കൂൾ ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ അമിതമായ താഴ്ച ഒഴിവാക്കി, ടാറിംഗ് പൂർത്തിയാക്കി എയർപോർട്ട്, ആലുവ എന്നീ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് അപകടരഹിതമായി സഞ്ചരിക്കാൻ വഴിയൊരുക്കണമെന്നും നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. ബൈജു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചെറിയവാപ്പാലശേരി മുതൽ കുന്നുംപുറം വരെയുള്ള യൂ ടേണുകളിലെ അശാസ്ത്രീയത ഒഴിവാക്കണമെന്നും കോട്ടായി യൂടേൺ നിർത്തലാക്കി പുതിയ യൂ ടേൺ വടക്കോട്ട് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വഴിവിളക്കുകൾ പ്രകാശിക്കാത്തതിലും പരിഹാര നടപടി സ്വീകരിക്കുമെന്നും വഴിവിളക്കുകളും മറ്റും റോഡിലും മീഡിയനിലും അപകടകരമാംവിധം മറിഞ്ഞുകിടക്കുന്നതും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.