തൃക്കാക്കര: തൃക്കാക്കരയിൽ കൊവിഡ് പ്രതിരോധം പൂർണ്ണ പരാജയമാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ടി.ബാലചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി സംസ്ഥാനത്തും പ്രത്യേകിച്ച് തൃക്കാക്കര നിയോജകമണ്ഡലത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. സർക്കാരിന്റെ കീഴിലുള്ള ആർ.ടി.പി.സി.ആർ സംവിധാനമോ വാക്സിൻ സെന്ററോ കൊവിഡ് സെന്ററോ ഒരെണ്ണം പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇത് തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രികൾക്ക് ലാഭമുണ്ടാക്കാനാണ്. കൊവിഡ് സെന്ററുകൾ ക്രമീകരിക്കുകയും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ഭീതി അകറ്റുന്നതിനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കൊവിഡ് സെന്ററുകളും ഉടൻ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി അംഗം ടി.ബാലചന്ദ്രൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.