p

കൊച്ചി: രാജ്യത്തെ ആദ്യ മാതൃകാ ടൂറിസം ഗ്രാമമായ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിൻ രഹിത പഞ്ചായത്തായി. ഇവിടത്തെ സ്ത്രീകളെല്ലാം സാനിറ്ററി പാഡിന് പകരം ആർത്തവ കപ്പുകൾ ഉപയോഗിക്കും. വാർഡുതോറും ബോധവത്കരണം നടത്തിയാണ് ഈ മാറ്റം സാധ്യമാക്കിയത്. പ്രഖ്യാപനം ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.

പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമയോജന (സാഗി) പദ്ധതിയിൽപ്പെടുത്തിയാണ് പരിസ്ഥിതിസൗഹൃദമായ ഈ മാറ്റത്തിലേക്ക് പഞ്ചായത്ത് വഴിമാറുന്നത്. എറണാകുളം എം.പി ഹൈബി ഈഡനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ആർത്തവ കപ്പുകളുടെ വിതരണവും ബോധവത്കരണവുമായി ബന്ധപ്പെട്ട് 'അവൾക്കായി' എന്നപേരിൽ മണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്.

കപ്പിന്റെ ഉത്പാദനത്തിനും വിതരണത്തിനുമായി ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് (എച്ച്.എൽ.എൽ) `തിങ്കൾ' എന്ന പേരിൽ പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് സാമ്പത്തിക പങ്കാളി. ഇന്ത്യയൊട്ടാകെ സൗജന്യമായാണ് വിതരണം.

അഞ്ചു വർഷംവരെ

5 വർഷം: ഒരു കപ്പിന്റെ ഉപയോഗകാലം

6-12 മണിക്കൂറിനകം: ആർത്തവകാല ശുചിയാക്കൽ

നിർമ്മാണവസ്തു: മെഡിക്കൽ ഗ്രേഡ് സിലിക്ക

അണുമുക്തമാക്കൽ: ഒരു ആർത്തവകാലം തീരുമ്പോൾ തിളപ്പിച്ച വെള്ളം ഉപയോഗിച്ച്

ലളി​തം: കപ്പ് നി​ഷ്പ്രയാസം ശരീരത്തി​ലേക്ക് കടത്തി​വയ്ക്കാം. ആർത്തവരക്തം ഒട്ടും പുറത്തേക്ക് വരി​ല്ല. ഒട്ടും അസ്വസ്ഥതയുമുണ്ടാക്കി​ല്ല. നാപ്കി​നേക്കാൾ സൗകര്യപ്രദം. സുഖകരം.

സൗജന്യമായി ലഭിക്കും

5,700 കപ്പുകൾ: എച്ച്.എ.എൽ കുമ്പളങ്ങി​യി​ൽ സൗജന്യമായി നൽകി

250 - 500 രൂപ: മറ്റു കമ്പനികൾ കപ്പിന് ഈടാക്കുന്ന വില

1,500 രൂപ: സാനിറ്ററ്റി പാഡിന് ഒരു വർഷം ചെലവാക്കുന്നത്

സാനിറ്ററി പാഡ് പരിസ്ഥിതിക്ക് ദോഷം

നിലവിലെ സാനിറ്ററ്റി പാഡ് ഉപയോഗശേഷം നശിപ്പിക്കുന്നതാണ് ഏറ്റവും വലിയ തലവേദന. കത്തിക്കുകയോ അല്ലെങ്കിൽ അജൈവ മാലിന്യത്തിനൊപ്പം ഉപേക്ഷിക്കുകയോ ചെയ്യുന്നു.

`അവബോധക്കുറവും ഉയർന്നവിലയും ആവശ്യത്തിന് ലഭിക്കാത്തതുമാണ് കപ്പുകൾക്ക് വേണ്ടത്ര സ്വീകാര്യത കിട്ടാത്തതിന് കാരണം. പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും.'

- ഹൈബി​ ഈഡൻ എം.പി