കൊച്ചി: നിഷ്ഠൂരമായ കൊലപാതകത്തെ ന്യായീകരിക്കുന്ന നിലയിലേക്ക് കോൺഗ്രസ് മാറിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല' എന്ന പേരിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസ്ഥാനത്ത് നിൽക്കുന്നയാൾ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റാണ്. അയാളെ പുറത്താക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറായിട്ടില്ല. ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് തിരുത്താനുള്ള ധാർമ്മികതപോലും കോൺഗ്രസിനില്ലെന്ന് എസ്. സതീഷ് പറഞ്ഞു. ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എ. അൻഷാദ്, ഡോ. മ്യൂസ് മേരി ജോർജ്, എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറി സി.എസ്. അമൽ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ .ആദർശ്, ജില്ലാ വൈസ് പ്രസിഡന്റ് ലിറ്റീഷ്യ ഫ്രാൻസിസ്, സെക്രട്ടറിയറ്റ് അംഗം കെ.പി. ജയകുമാർ എന്നിവർ സംസാരിച്ചു.