പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് ഇനി ആദർശ ഗ്രാമം. കുമ്പളങ്ങിയെ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്തായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചു.

കേരളത്തിന്റെ ടൂറിസം മേഖലയിൽ സവിശേഷ സ്ഥാനമുള്ള കുമ്പളങ്ങിക്ക് വേണ്ടി ഹൈബി ഈഡൻ എം.പി, മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി.തോമസ് എന്നിവർ മുൻകൈ എടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും ഗവർണ്ണർ പറഞ്ഞു. 'സാഗി' പദ്ധതി കുമ്പളങ്ങിയുടെ സമഗ്രമാറ്റത്തിന് വഴിയൊരുക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഹൈബി ഈഡൻ എം.പി.യാണ് പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമയോജന (സാഗി) പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പളങ്ങി പഞ്ചായത്തിനെ മാതൃകാഗ്രാമം പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. കുമ്പളങ്ങി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷനായി.
ചടങ്ങിൽ എം.പി പഞ്ചായത്തിന് അനുവദിച്ച ആംബുലൻസിന്റെ താക്കോൽദാനം,​ ഹരിത കർമസേനാംഗങ്ങൾക്കുള്ള ട്രൈ സൈക്കിൾ വിതരണം, വാർഡുകളിൽ സ്ഥാപിച്ച മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെ താക്കോൽദാനം, വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം എന്നിവയുടെ ഉദ്ഘാടനവും ഗവർണ്ണർ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ലീജ തോമസ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ദിപു കുഞ്ഞുകുട്ടി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ വി. സി അശോകൻ,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബേബി തമ്പി തുടങ്ങിയവർ പങ്കെടുത്തു.