മട്ടാഞ്ചേരി: വൈറ്റമിൻ സി, അയൺ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന നെല്ലിക്ക സ്കൂൾ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി ജെയിൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മട്ടാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരു നെല്ലിക്ക വീതം 30 പ്രവർത്തി ദിവസം പി.ടി.എ.യുടെ സഹകരണത്തോടെ നൽകുന്ന പദ്ധതിയാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്. പദ്ധതി സീനിയർ ഫിസിഷ്യൻ ഡോ.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ മൂസക്കോയ നടുവണ്ണൂർ അദ്ധ്യക്ഷനായി. ജൈൻ ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജൈൻ പദ്ധതി വിശദീകരിച്ചു. ഡോ. എം.ഗോപാലകൃഷ്ണൻ, ഡോ. എം.എൻ. ലോകേഷ് റാവു എന്നിവർ നെല്ലിക്കയുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്ക്കൂൾ എൽ.പി വിഭാഗം പ്രധാനാദ്ധ്യാപിക സി.ആർ.സുനിത, എം.എം. സലീം, സ്റ്റാഫ് സെക്രട്ടറി പി.ബി. ഷിജ, കെ.വി. അജിത് എന്നിവർ സംസാരിച്ചു.