1
ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിച്ചുളള സൈക്കിൾ സവാരി പ്രശസ്ത വയലിനിസ്റ്റ് അപർണ്ണ ബാബു ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: 120 വർഷമായി പാഠ്യപാഠ്യേതര രംഗത്തുള്ള ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ മറ്റൊരു ചുവടുവയ്പു കൂടി നടത്തി ശ്രദ്ധയാകർഷിക്കുന്നു. സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ ആദ്യ വിദ്യാലയമായി സെന്റ് ജോർജ്ജസ്. ഹൈസ്കൂളിലെ മുഴുവൻ കുട്ടികലും ആൺ-പെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോമിലാവും ഇനി സ്കൂളിലെത്തുക. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ ഇത് വളരെയധികം പ്രയോജനം ചെയ്യും. സ്കൂൾ കാമ്പസിൽ ആൺകുട്ടികളും പെൺകുട്ടികളും പുതിയ യൂണിഫോം ധരിച്ച് സൈക്കിൾ സവാരി നടത്തി. വയലിനിസ്റ്റ് അപർണ്ണ ബാബു ഫ്ലാഗ് ഓഫ് ചെയ്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഒപ്പത്തിനൊപ്പം എന്ന പേരിൽ ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ പ്രസക്തി എന്ന വിഷയത്തിൽ ആശയസംവാദം നടത്തി. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ പി.എ. തങ്കച്ചൻ, സജി മുളന്തുരുത്തി, പ്രൊഫ.എം.വി ഗോപാലകൃഷ്ണൻ, സിബി മത്തായി, കെ.ജി. ഷിബു, ഷാജി ജോണി, ജോർജ്ജ് തോമസ്, കെ.കെ ശശിധരൻ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പി.ടി. പ്രസിഡന്റ് ബീന പി.നായർ, സ്റ്റാഫ് സെക്രട്ടറി ഫാ. മനു ജോർജ്ജ്, അദ്ധ്യാപിക മഞ്ജു വർഗീസ്, സ്കൂൾ ലീഡർ ഹൃദ്യ സന്തോഷ് എന്നിവർ സംസാരിച്ചു. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ വയലിനിൽ രണ്ടാം റാങ്ക് നേടിയ അപർണ്ണ ബാബുവിനെ മാനേജർ സി.കെ റെജി മെമന്റോ നൽകി ആദരിച്ചു.