ആലുവ: കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ സ്മരണകളുമായി മഹിളാലയം പച്ചമാമ ഹെറിറ്റേജ് ആർട്ട് കഫേ മ്യൂസിയത്തിൽ ചിത്രപ്രദർശനവും കാരിക്കേച്ചർ ഷോയും 15ന് ആരംഭിക്കും. കോമുസൺസ് ചിത്രശില്പ ശേഖരങ്ങളുടെ പ്രദർശനവും ഗസൽ ഖവാലിയും അരങ്ങേറും.15ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനശേഷം കാരിക്കേച്ചർ ഷോ ബാദുഷയുടെ മകൻ ഫനാൻ ബാദുഷ ഉദ്ഘാടനം ചെയ്യും. പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കെല്ലാം കാരിക്കേച്ചർ വരച്ച് നൽകും. ഇതിലൂടെ ലഭിക്കുന്ന തുക ബാദുഷയുടെ പാത പിന്തുടർന്ന് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും .
കോമുസൺസ് ചിത്രശില്പ പ്രദർശനത്തോടൊപ്പം നഫ്‌ല സജിദ്, നബീല ഹക്കീം, ഷബീർ മരക്കാർ, സഹല ജിയാസ് എന്നിവരുടെ നേതൃത്വത്തിൽ മെഹ്ഫിൻ ഇ ഖയാൽ അരങ്ങേറും. കോമുസൺസ്, പച്ചമാമ ഗാലറിയുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കോമുസൺസിന്റെ 109-ാ മത് ചിത്രശില്പ പ്രദർശനമാണ്. മുഖ്യസംഘാടകൻ ആസിഫ് അലി കോമു , പച്ചമാമ ഗാലറി ഡയറക്ടർമാരായ സഹദ് സഗീർ, ടി.എൻ.എം. ജിയാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.