ആലുവ: നഗരസഭ കാര്യാലയത്തിൽ നിയമപ്രകാരം വിവരങ്ങൾ തേടിയെത്തിയയാളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ എം.ഒ. ജോൺ 'കേരളകൗമുദി'യോട് പറഞ്ഞു.

ആവശ്യപ്പെട്ട രേഖകൾ നിശ്ചിത ഫീസടച്ചാൽ സെക്രട്ടറി നിർദ്ദേശിക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതിന് നിയമമുണ്ട്. വിവരാവകാശ പ്രവർത്തകൻ മുൻകൂർ അനുമതി തേടിയാണ് എത്തിയതെങ്കിലും ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കാബിനിലിരുന്നാണ് രേഖകൾ പരിശോധിച്ചത്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ തിരക്കുക മാത്രമാണ് ചെയ്തത്. ജീവനക്കാരിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയെത്തുടർന്നാണ് വിവരാവകാശ പ്രവർത്തകൻ തനിച്ചിരുന്ന് രേഖകൾ പരിശോധിക്കുന്ന സാഹചര്യമുണ്ടായത്. ഇത് ബന്ധപ്പെട്ട ജീവനക്കാരിയെയും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

 തേടിയത് പൊതുമാർക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ

ആലുവ പറവൂർകവല സ്വദേശി കെ.സി. സന്തോഷാണ് ആലുവ മാർക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പ് വിവരാവകാശ നിയമപ്രകാരം നഗരസഭയ്ക്ക് അപേക്ഷ നൽകിയിരുന്നത്. മാർക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ, പഴയ കരാറുകൾ, പുതുതായി രൂപരേഖ തയ്യാറാക്കിയ സ്ഥപതി അസോസിയേറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയാണ് ആവശ്യപ്പെട്ടത്. 30 ദിവസത്തിനകം വിവരങ്ങൾ നൽകണമെന്നിരിക്കെ ഫയലുകൾ പരിശോധിച്ച് വേണ്ട രേഖകൾ നേരിട്ട് എടുക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന് ബുധനാഴ്ച ഉച്ചയോടെ നഗരസഭയിലെത്തി. ഫയലുകൾ പരിശോധിക്കുന്നതിനിടയിലാണ് ചെയർമാനുമായി തർക്കമുണ്ടായത്.

പുഴയും തീരങ്ങളും സംരക്ഷിക്കേണ്ട നഗരസഭ പാരിസ്ഥിതികനിയമം ലംഘിച്ചാണ് മാർക്കറ്റ് എന്ന പേരിൽ നിർമ്മാണ പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്നത്. സാമ്പത്തിക ലാഭത്തിനാണ് ശ്രമമെന്നും അതിനാലാണ് വിവരാവകാശ ചോദ്യങ്ങളെ ചെയർമാൻ ഭയക്കുന്നതെന്നും വിവരാവകാശപ്രവർത്തകൻ ആരോപിച്ചു. മാർക്കറ്റ് നിർമ്മാണത്തിന്റെ പേരിൽ വൻ അഴിമതിക്കാണ് കളമൊരുക്കുന്നതെന്നും നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.