പറവൂർ: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ 30നകം പൂർത്തിയാക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിർമ്മാണ പ്രവൃത്തികൾ ഫെബ്രുവരി 15ന് മുമ്പായി പൂർത്തിയാക്കും. അവശേഷിക്കുന്ന പ്രവർത്തികൾക്കുള്ള ഫണ്ട് ഈ മാസം 31ന് മുമ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വാട്ടർ അതോറിറ്റി എല്ലാ പ്രവർത്തനങ്ങളും ഏപ്രിൽ 30ന് മുമ്പ് തീർത്ത് കുടിവെള്ളക്ഷാമം പൂർണ്ണമായും പരിഹരിക്കുന്ന രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് തീരുമാനിച്ചു. വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, വൈസ് പ്രസിഡന്റ് ടി.പി. പോളി, ഉദ്യാഗസ്ഥരായ അജിത്ത്കുമാർ, ജൂഡിയത്ത്, പ്രദീപ്, അനിൽ കെ. അഗസ്റ്റിൻ, ഗോവിന്ദകുമാർ, റോജിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.