മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സമാധാനത്തിന് മുൻകൈയെടുക്കുമെന്ന് മാത്യുകുഴൽനാടൻ എം.എൽ.എ പറഞ്ഞു. സമാധാനമാണ് കോൺഗ്രസിന്റെ വഴി. അക്രമത്തെ പ്രതിരോധിക്കുന്നതിനൊപ്പം പ്രവർത്തകർക്ക് പൂർണ്ണ സംരക്ഷണം നൽകും. നിർഭാഗ്യകരമായ സംഭവങ്ങളാണ് മൂവാറ്റുപുഴയിൽ അരങ്ങേറിയത്.

കോൺഗ്രസ് ഓഫിസിന് മുന്നിലെ കൊടിമരം നശിപ്പിച്ചതിൽ നിന്നാണ് പ്രശ്നങ്ങൾക്ക് തുടക്കം. അടുത്തദിവസം പ്രതിഷേധം നടത്താൻ പാർട്ടിയും യു.ഡി.എഫും തീരുമാനിച്ചിരുന്നു. എന്നാൽ വിലാപയാത്ര എത്തുന്നതിനാൽ രാഷ്ട്രീയമര്യാദയുടെ പേരിൽ പരിപാടി മാറ്റി. പിറ്റേന്ന് സമാധാനപരമായി പ്രതിഷേധിക്കാൻ പാർട്ടി തീരുമാനിച്ചു. ഇതിനിടെയാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട് നാടിനെ കലാപഭൂമിയാക്കാൻ ആഹ്വാനം ചെയ്ത് സി.പി.എം നേതാവ് രംഗത്തുവന്നത്. പ്രകടനത്തിനുനേരെ അക്രമം അഴിച്ചുവിട്ടതും സോഷ്യൽ മീഡിയവഴി നടത്തിയ അക്രമ ആഹ്വാനവും ദുഷ്ടലാക്കോടെയുള്ളതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എം.എൽഎ ആവശ്യപ്പെട്ടു. എം.എൽ.എ ഓഫിസ് കേവലം പാർട്ടി ഓഫീസുമാത്രമല്ല, ദൈനം ദിനകാര്യങ്ങൾക്കായി ഇവിടെ എത്തുന്ന നിരവധി സാധാരണക്കാരുടെ ആശ്രയകേന്ദ്രവുമാണ്. ഓഫീസിനുനേരെ അക്രമം അഴിച്ചുവിടുകയും ഗുണ്ടെറിയുകയും ചെയ്ത സംഭവത്തെ നിയമപരമായി നേരിടും. അക്രമിസംഘത്തെ നിലയ്ക്ക് നിർത്താൻ സി.പി.എം തയ്യാറാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.