irrigation-pump-problm
കരുമാല്ലൂർ നമ്പർ 2 ഇറിഗേഷൻ പമ്പ് ഹൗസ്‌

ആലങ്ങാട്: കർഷകരെ ദുരിതത്തിലാഴ്ത്തി കരുമാല്ലൂരിൽ ഇറിഗേഷൻ പമ്പുകൾ പണിമുടക്കുന്നത് തുടർക്കഥയാകുന്നു. കടുത്ത ജലക്ഷാമം നേരിടുമ്പോഴും ജലസേചന വകുപ്പ് ജീവനക്കാരുടെ നിസംഗത തുടരുകയാണ്. നൂറുകണക്കിന് ഏക്കറിൽ വയലുകളിൽ കൃഷിക്കൊരുങ്ങുന്ന നെൽക്കർഷകരും അതിലേറെവരുന്ന പച്ചക്കറി, നാണ്യവിള കർഷകരുമാണ് ജലസേചന വകുപ്പിന്റെ അനാസ്ഥ മൂലം പ്രതിസന്ധിയിലേക്കു നീങ്ങുന്നത്.

ഇത്തവണ കരുമാല്ലൂർ പഞ്ചായത്തിൽ മുണ്ടകൻ നെൽക്കൃഷി ആയിരംഏക്കർ തികച്ചിരുന്നു. ഇതിൽ 400 ഏക്കറിലെറെ പാടത്ത് വിജയകരമായി ആദ്യം പൂർത്തീകരിച്ചത് കരുമാല്ലൂർ പാടശേഖര സമിതിയിലെ കർഷകരാണ്. ഇവർ അടുത്ത കൂപ്പ് കൃഷിക്കുള്ള നിലമൊരുക്കൽ തുടങ്ങിക്കഴിഞ്ഞു. എന്നാൽ മുണ്ടകൻ വിളവെടുപ്പിന് കൊയ്ത്തുമെതി യന്ത്രം ഇറക്കാനുള്ള സൗകര്യത്തിനായി നിർത്തിവച്ച കരുമാല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ നമ്പർ 1, 2 പമ്പ് ഹൗസുകളിൽ നിന്ന് ഇതുവരെ ശരിയായ രീതിയിൽ പമ്പിംഗ് നടന്നിട്ടില്ല. കാരണം തിരക്കുന്ന കർഷകർക്ക് വൈദ്യുതി തകരാറിനെയും മറ്റും കുറിച്ചുള്ള മറുപടികളാണ് ലഭിക്കുന്നത്.

 പമ്പിംഗ് മുടക്കം പതിവാകുന്നു

വൈദ്യുത തകരാറിന്റെ പേരിൽ ഇന്നലെ രാവിലെ മുതൽ നിർത്തിവച്ചിരിക്കുന്ന നമ്പർ 2 പമ്പ് ഹൗസിൽ നിന്നുള്ള ജലസേചനം പുനരാരംഭിച്ചിട്ടില്ല. ചൊവ്വാഴ്ച ഇവിടെനിന്ന് രാവിലെ മൂന്നുമണിക്കൂർ മാത്രമാണ് പമ്പിംഗ് നടന്നത്. ബുധനാഴ്ചയും പമ്പ് ഹൗസ് നിശ്ചലമായി. മന്നം കെ.എസ്.ഇ.ബി. സബ് സ്‌റ്റേഷനിലെ തകരാറാണെന്നാണ് കർഷകർക്കു കിട്ടിയ മറുപടി. പരാതിപ്പെട്ടാൽ പ്രതികാരമെന്നപോലെ പമ്പിംഗ് വീണ്ടും നിർത്തിവയ്ക്കുമെന്നതിനാൽ പലപ്പോഴും കർഷകർ നിശബ്ദരാകുകയാണ്. നിലമുഴൽ നടക്കുന്നതിനാൽ വയലിൽ നല്ലപോലെ വെള്ളം വേണം. പമ്പ് ഹൗസുകളുടെ ഉത്തരവാദിത്വം താത്കാലിക ജീവനക്കാരെ ഏൽപ്പിക്കുന്ന ജലസേചനവകുപ്പിന്റെ നടപടിയാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കർഷകർ പറയുന്നു.