തൃക്കാക്കര: തൃക്കാക്കര നഗരസഭ നിർമ്മാണം പൂർത്തിയാക്കിയ കലുങ്ക് നിർമ്മാണത്തിന് വീണ്ടും ടെൻഡർ ചെയ്യാനുളള നടപടിക്കെതിരെ പരാതി. മാസങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തീകരിച്ച തൃക്കാക്കര നഗരസഭ മുപ്പതാം ഡിവിഷനിലെ കാർഗിൽ റോഡിൽ കാന, കലുങ്ക് നിർമ്മാണം വീണ്ടും സപ്ലിമെന്ററി അജണ്ടയിൽ വന്നതിനെതിരെയാണ് കൗൺസിലർ കെ.എക്‌സ് സൈമൺ പരാതി നൽകിയത്. ഈ നിർമ്മാണങ്ങൾക്ക് കഴിഞ്ഞ നവംബർ 16 ന് 4,20,000 രൂപയുടെ എസ്റ്റിമേറ്റിന് ചെയർപേഴ്സൻ അജിത തങ്കപ്പൻ മുൻകൂർ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ വിഷയം സപ്ളിമെന്ററി അജണ്ടയിൽ വന്നതോടെയാണ് സമീപ വാർഡിലെ കൗൺസിലർ അഴിമതി ആരോപിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ മാർച്ചിന് അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തുക വകയിരുത്തിയിരിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് കൗൺസിലറുടെ ആവശ്യം.