മൂവാറ്റുപുഴ: നിർമ്മല കോളേജ് സാമ്പത്തിക ശാസ്ത്രവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ നൈപുണ്യ കോഴ്‌സുകളിൽ പരിശീലനവും ഇന്റേൺഷിപ്പും പ്ലേസ്‌മെന്റും നൽകുന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. കൊച്ചി ഇൻഫോപാർക്കിലെ അവോധ എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം പരിപോഷിപ്പിച്ച് അവരെ വിവിധമേഖലകളിൽ തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിവഴി ഇരുപതോളം നൈപുണ്യ വികസന കോഴ്‌സുകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ കമ്പനികളിൽ മൂന്നുമാസത്തെ ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് പരിശീലനവും കൂടാതെ ഉയർന്ന ശമ്പളത്തോടെ വിവിധകമ്പനികളിൽ തൊഴിലും ലഭിക്കും. റവ. ഫാ.പോൾ നെടുംപുറത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. കുപ്പ് മേധാവി ഡോ. മീര.ആർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി.തോമസ്, പ്രോഗ്രാം കോർഡിനേറ്റർ ഷൈമോൻ ജോസഫ്, അവോധ അസിസ്റ്റന്റ് ജനറൽ മാനേജർ അശ്വിൻ ശേഖർ, അസോസിയേഷൻ സെക്രട്ടറി ദർശന കെ. സുദർശൻ എന്നിവർ സംസാരിച്ചു.