മൂവാറ്റുപുഴ: ഇടുക്കി എൻജിനിയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ യൂത്ത് കോൺഗ്രസുകാർ കുത്തികൊലപ്പെടുത്തിയതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ മൂവാറ്റുപുഴയിലുണ്ടായ സംഘർഷത്തിൽ 210 പേർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ്, മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ അമൽബാബു, പായിപ്ര പഞ്ചായത്ത് ഉപസമിതി ചെയർമാൻ വിനയൻ, യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ആബിദ് അലി, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സജി ജോർജ്ജ്, അനീഷ് എം.മാത്യു, സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കളായ താഹ, അഖിൽ, മുരളി മാറാടി എന്നിവരടക്കം 210 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ സംഘം ചേരുകയും കല്ല്, കൊടികെട്ടുന്ന മരവടികൾ തുടങ്ങിയവ ഉപയോഗിച്ച് ആക്രമണം നടത്തിയതിനാണ് കേസ്. സിപിഎം -യൂത്ത് കോൺഗ്രസ് സംഘർത്തിനിടെ ഡിവൈ.എസ്. പി ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.