കൊച്ചി: നഗരത്തിൽ ബിസിനസ് നടത്തുന്ന ഉത്തരേന്ത്യൻ സ്വദേശികളെ കബളിപ്പിച്ച് ഒന്നര കോടിയിലിധകം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്ര രത്‌നഗിരി സ്വദേശിയായ സമർ ഇസ്മയിൽ സാഹ (45) ആണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ഡാനിഷ് അലി എന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

1.57 കോടി രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡാനിഷ് അലി എന്നപേരിൽ പ്രതി വ്യാജ ഐഡി കാർഡുകൾ ഉൾപ്പെടെ നിർമ്മിച്ചു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ബാന്ദ്രയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ പിടിയിലായ ശേഷം നാല് പേർ കൂടി പരാതിയുമായെത്തിയിട്ടുണ്ട്. പരാതിക്കാരായ ആറു പേരിൽ ഒരാൾ മലയാളിയാണ്.

പണം ഉപയോഗിച്ച് ഉത്തരേന്ത്യയിലും മറ്റുമായി ഫ്ളാറ്റുകളും മറ്റും വാങ്ങിയിട്ടുണ്ടെന്നാണ് വിവരമെന്നും പൊലീസ് പറഞ്ഞു.

 തട്ടിപ്പ് ഹോട്ടലിന്റെ മറവിൽ
മഹാരാഷ്ട്രയിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചിയിലെത്തിയ പ്രതി കലൂർ കതൃക്കടവ് റോഡിൽ വാപി കഫേ എന്ന പേരിൽ ചെറിയ റസ്‌റ്റോറന്റ് ആരംഭിച്ചു. സമ്പന്നരായ ഉത്തരേന്ത്യൻ യുവാക്കൾ ഇവി​ടെ എത്തിയിരുന്നു. ഇവരോട് തനിക്ക് മരട് നെട്ടൂർ മാർക്കറ്റിൽ നിന്ന് പഴം പച്ചക്കറി കയറ്റുമതി ഇറക്കുമതി ബിസിനസ് ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിദേശത്ത് നിന്ന് വലിയ ഓർഡർ വന്നിട്ടുണ്ടെന്നും ഇതിലേക്കായി കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നും പറഞ്ഞ് ആദ്യം ചെറിയ തുകകൾ വാങ്ങും. ഇത് പലിശ സഹി​തം തിരിച്ചു നൽകി വിശ്വാസം നേടിയെടുക്കും. പിന്നീട് വലിയ തുക തട്ടിയെടുക്കും. പരാതിപ്പെടുമെന്ന സാഹചര്യമെത്തിയപ്പോൾ മഹാരാഷ്ട്രയിലേക്ക് മുങ്ങുകയായിരുന്നു.