കൊച്ചി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയുടെ ചൈനാസ്തുതി രാജ്യത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒ.ബി.സി മോർച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക തീവ്രവാദികൾ വളരെ ആസൂത്രിതമായാണ് കൊലപാതക പരമ്പര നടത്തുന്നത്. പിന്നാക്ക വിഭാഗങ്ങളിൽ ഭീതി പടർത്തുകയാണ് അവരുടെ ലക്ഷ്യം. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവസനെ എസ്.ഡി.പി.ഐ തീവ്രവാദികൾ കൊലപ്പെടുത്തിയത് അതിന് തെളിവാണ്. മാറാട് കലാപവും ഇപ്പോൾ കേരളത്തിൽ ഇവർ നടത്തിയ കൊലപാതകങ്ങളും ഇതേ മാതൃകയിലാണ്. പിന്നാക്ക സമുദായങ്ങളിൽ ഒ.ബി.സി മോർച്ചയ്ക്കും ബി.ജെ.പിക്കും ശക്തമായ സ്വാധീനം ഉണ്ടാക്കി ഇതിനെ നേരിടണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, ഒ.ബി.സി മോർച്ച ദേശീയസമിതിഅംഗം ബിന്ദു വലിയശാല, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.എ.വി. അരുൺ പ്രകാശ്, സതീഷ് പൂങ്കുളം, സെക്രട്ടറിമാരായ സ്മിത ജയമോഹൻ, ശശികുമാർ, രവീന്ദ്രനാഥ്, ട്രഷറർ കെ.കെ. ബബ്ളു എന്നിവർ പ്രസംഗിച്ചു.