വൈറ്റില: സംസ്ഥാനത്ത് നാളികേര വിലയിടിവ് പരിഹരിക്കുന്നതിന് നാളികേര കമ്പനികളുടെ കീഴിലുള്ള 200ൽ പരം സംഘങ്ങൾ മുഖേന പച്ചതേങ്ങാ സംഭരണം ആരംഭിക്കുമെന്ന പ്രഖ്യാപനം കേരഫെഡ് നടപ്പിലാക്കാത്തത് കർഷക ദ്രോഹമാണെന്ന് നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. കൃഷി ഓഫീസർമാരുടെ സാക്ഷ്യപത്രം ലഭ്യമാക്കുന്നതിന് വലിയ കാലതാമസം ഉണ്ടാവുന്നതും സംഭരണകേന്ദ്രങ്ങളുടെ കുറവും നിലവിലുള്ള നാമമാത്രമായ കേന്ദ്രങ്ങളിൽ എത്തിപ്പെടാനുള്ള പ്രായോഗിക ബുദ്ധിമുട്ടും പച്ച തേങ്ങാ സംഭരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. സംഭരണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് 17ന് കേരഫെഡ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്താൻ യോഗം തീരുമാനിച്ചു.

ബിജു നാരായണൻ നഗറിൽ (അനുഗ്രഹ ഓഡിറ്റോറിയത്തിൽ) ചേർന്ന സംസ്ഥാന കൗൺസിൽ യോഗം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുധീഷ് നായർ അദ്ധ്യക്ഷനായി. നാഷണലിസ്റ്റ് കർഷക യൂണിയൻ ജനറൽ സെക്രട്ടറിമാരായ തോമസ് വി. സഖറിയ, പി.എസ്. ചന്ദ്രശേഖരൻ നായർ, മുഹമ്മദ് റിയാസ്, വള്ളിക്കോട് കൃഷ്ണകുമാർ, പി.എൻ. ഗോപിനാഥൻ നായർ, പി.എ. റഹിം, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി, എം.എൻ. ഗിരി, എൻ.എൻ ഷാജി, അയൂബ് മേലേടത്ത്, ഉഷ ജയകുമാർ, ജാൻസി ജോർജ്, ജോയി എളമക്കര എന്നിവർ സംസാരിച്ചു.