
കൊച്ചി: ഇംപ്രൂവ്മെന്റ് പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ, വർഷാവസാന പൊതുപരീക്ഷ... ഒന്നിനു പുറകെ ഒന്നായി പരീക്ഷകൾ പടിക്കെലെത്തി നിൽകെ ഒമിക്രോൺ വ്യാപനത്തിൽ ക്ലാസുകൾ ഓൺലൈനാവുമെന്ന ആശങ്കയിലാണ് പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥികൾ.
ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകൾ അടക്കാൻ സർക്കാർ തീരുമാനിച്ചതോടെ പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്.
പാഠഭാഗങ്ങൾ പഠിപ്പിച്ച് തീരാതെ ക്ലാസുകൾ ഓൺലൈൻ ആയാൽ പരീക്ഷയെ ബാധിക്കും. സാഹചര്യം അത്രമേൽ മോശമായാൽ മാത്രമേ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാവൂ എന്നാണ് അദ്ധ്യാപകർ പറയുന്നത്.
നിലവിലെ ക്ലാസുകൾ പോലും പൂർണമായും ഫലപ്രദമല്ലെന്നിരിക്കെ വീണ്ടും ഓൺലൈനാക്കിയാൽ പാഠഭാഗങ്ങൾ പഠിച്ച് തീർക്കാനും സാധില്ല.
ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്ലാസുകൾ. അതിനു ശേഷം കുട്ടികൾക്ക് സ്കൂളിൽ തുടരേണ്ടി വരുന്നത് ലാബ്, പ്രാക്ടിക്കൽ, നോട്ടുകളുടെ പരിശോധന എന്നിവയ്ക്കായി മാത്രമാണ്.
സ്കൂളുകളിൽ സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം വിദ്യാർത്ഥികൾക്കിടയിൽ കാര്യക്ഷമമാക്കിയിട്ടുണ്ട്.
ബസുകളുടെ എണ്ണം കൂട്ടണം
ബസുകളുടെ എണ്ണം കുറഞ്ഞത് യാത്രയ്ക്ക് വെല്ലുവിളിയാണ്. കൂടുതൽ ബസുകൾ വേണമെന്നാണ് രക്ഷിതാക്കൾ ആവശ്യം. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് തുടങ്ങുകയാകും ഏറെ നല്ലത്. രാവിലെയും വൈകിട്ടും സൗകര്യം ഏർപ്പെടുത്തണം.
പരീക്ഷ മാർച്ച് 30മുതൽ
പ്ലസ് ടു പൊതുപരീക്ഷ മാർച്ച് 30ന് ആരംഭിക്കും. ഏപ്രിൽ 24വരെയാണ് പരീക്ഷ. പ്ലസ് വണ്ണിന്റെ ഇംപ്രൂവ്മെന്റ് പരീക്ഷ 31നും തുടങ്ങും. പത്താം ക്ലാസ് പരീക്ഷയും മാർച്ച് പകുതിയോടെ ഉണ്ടാകും.
എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. ഒാഫ ്ലൈനായി ക്ലാസെടുക്കുന്നതാണ് നല്ലത്. ഓൺലൈൻ ആക്കിയാൽ പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾ മാനസിക ബുദ്ധിമുട്ടിലാകും.
നളിനകുമാരി. വി,
പ്രിൻസിപ്പൽ,
ഗവ. ഗേൾസ് ഹയർ
സെക്കൻഡറി സ്കൂൾ,
എറണാകുളം
കുട്ടികൾ വീട്ടിൽ ഇരുന്ന് പഠിക്കുന്നതിനേക്കാൾ നല്ലത് സ്കൂളിൽ പോകുന്നതാണ്. പക്ഷേ, കൊവിഡ് ഉയരുമ്പോൾ എന്തു ചെയ്യുമെന്ന് ആശങ്കയുണ്ട്.
നിഷ മേനോൻ,
രക്ഷകർത്താവ്
ഓൺലൈൻ ക്ലാസുകൾ പലർക്കും സ്വീകാര്യമല്ല. കൂടുതൽ മനസിലാകണമെങ്കിൽ സ്കൂളിൽ പോവുക തന്നെ വേണം.
സൗന്ദര്യ ലക്ഷ്മി,
പ്ലസ് ടു വിദ്യാർത്ഥിനി
സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഒാഫ്ലൈൻ ക്ലാസുകളാണ് കുട്ടികൾക്ക് നല്ലത്.
ബിജുമോൻ,
ഹയർ സെക്കൻഡറി
അദ്ധ്യാപകൻ