piravom-
പിറവം നഗരസഭ മലേറിയ മുക്ത യജ്ഞം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നടത്തുന്നു.

പിറവം: പിറവം നഗരസഭയെ മലേറിയമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച മലേറിയ എലിമിനേഷൻ പരിപാടി നഗരസഭ വിജയകരമായി പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഒരു തദ്ദേശിയ മലേറിയ കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ പനിവിവരശേഖരണവും സമയബന്ധിതമായി പൂർത്തിയാക്കിയാണ് നേട്ടം കൈവരിച്ചത്. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ മലേറിയ എലിമിനേഷൻ പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽ.ജെ. ഇളംന്താറ്റ് മലേറിയ എലിമിനേഷൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ എലിമിനേഷൻ ഡിവിഷൻ തലത്തിലും നഗരസഭാതലത്തിലും നടത്തപ്പെട്ട പ്രവർത്തനങ്ങൾ വിശദികരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബദറുദ്ദീൻ, ബോബി വർഗീസ്, പി.എ. മനോജ്, നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഏലിയാസ്, വിദ്യാഭ്യാസ കലാ-കായിക

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ് മറ്റ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറി എൻ.പി കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു.