
ആലുവ: കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തെ തുടർന്ന് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എരമം - കാമ്പിള്ളി റോഡ് നിർമ്മാണം വീണ്ടും മുടങ്ങി. മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപയുടെ പദ്ധതിയാണ് തർക്കത്താൽ നിലച്ചത്.
2019 ൽ ടെൻഡർ വിളിച്ച് കരാറായിട്ടും പലകാരണങ്ങൾ കൊണ്ട് നീണ്ടുപോയ റോഡ് നിർമ്മാണം രണ്ടാഴ്ച മുമ്പാണ് ആരംഭിച്ചത്. ഒരാഴ്ച്ച മുമ്പ് വീണ്ടും നിശ്ചലമായി.
ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച എസ്റ്റിമേറ്റ് പ്രകാരമല്ല നിർമ്മാണമെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പറയുമ്പോൾ എക്‌സിക്യൂട്ടീവ് എൻജിനീയർ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് നിർമ്മാണം ആരംഭിച്ചതെന്ന് കരാറുകാരൻ പറയുന്നു. പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡ് ആയതിനാൽ ചെളി കൂടുതലുണ്ടെങ്കിൽ ബലക്ഷയം സംഭവിക്കാതിരിക്കാൻ ചില ഉപാധികൾ കൂട്ടിച്ചേർത്തതാണ് കരാറുകാരൻ പിൻവലിയാൻ കാരണമെന്ന് പറയുന്നു. എന്നാൽ ഉദ്ദേശിച്ച പ്രതിസന്ധിയില്ലെന്ന് ഉറപ്പായിട്ടും കരാറുകാരൻ ബോധപൂർവം നിർമ്മാണം വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.
നിർമ്മാണം മുടങ്ങിയതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി.എ. അബൂബക്കർ ഇടപ്പെട്ട് എക്സി. എൻജിനീയർ (എൽ.എസ്.ജി.ഡി) പി.ആർ. ശ്രീലതയെ സ്ഥലത്തെത്തിച്ച് കരാറുകാരനും നിർവഹണ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി സംസാരിച്ചെങ്കിലും ഇതുവരെ നിർമ്മാണം പുനരാരംഭിച്ചിട്ടില്ല.
200 മീറ്റർ നീളമുള്ള റോഡിന്റെ 50 മീറ്റർ നീളത്തിൽ ഇരുവശവും രണ്ടു മീറ്റർ ഉയരത്തിൽ കമ്പികൾ സ്ഥാപിച്ചശേഷമാണ് പണികൾ നിർത്തിയത്. എടയാറ്റുചാലിന് കുറുകെ പോകുന്ന മൂന്നു മീറ്റർ വീതിയുളള റോഡ് ആറ് മീറ്ററാക്കി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സ്ഥിരമായി വാഹനങ്ങൾ പാടത്തേക്ക് വീണ് അപകടം സംഭവിക്കുന്നത് ഒഴിവാക്കാനാണ് റോഡിന്റെ വീതി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
പണി ആരംഭിക്കാൻ വൈകുകയും കമ്പികൾ കെട്ടി പണികൾ നിർത്തി വെച്ച ഭാഗത്ത് മറ്റൊരു അപകടം സഭവിക്കുകയും ചെയ്താൽ യാത്രക്കാർ കമ്പികളിൽ കോർക്കപ്പെടുന്ന സാഹചര്യമുണ്ടാകും. റോഡിന്റെ പണികൾ എത്രയും വേഗം പുന്നരാരംഭിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. അബൂബക്കർ ആവശ്യപ്പെട്ടു.