special
രാജേന്ദ്രൻ കെ.എം

തൃപ്പൂണിത്തുറ: തനിക്കുവേണ്ടി പിരിച്ച പണം ഉപകാരപ്പെടും മുമ്പ് രാജേന്ദ്രൻ യാത്രയായി. എരൂർ ആസാദ് എസ്.എം.പി കോളനിയിൽ മാധവന്റെ മകൻ രാജേന്ദ്രൻ കെ.എം (45) ആണ് ഇന്നലെ പുലർച്ചെ കളമശ്ശേരി മെഡിക്കൽ കോളേജിൽ മരിച്ചത്. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണത്തിന് ഇടയാക്കിയത്. രാജേന്ദ്രന്റെ ചികിത്സയ്ക്കു വേണ്ടി പണം സ്വരൂപിക്കാൻ ഇറങ്ങിത്തിരിച്ച ആസാദ് ഓട്ടോ ബ്രദേഴ്സ് അംഗങ്ങൾക്ക് തീരാവേദനയായി ഇദ്ദേഹത്തിന്റെ മരണം.

ഇരുവൃക്കകളും തകരാറിലായ നിർദ്ധനനായ ചെറുപ്പക്കാരനായിരുന്നു രാജേന്ദ്രൻ. കൂലിപണിക്കാരനായ രാജേന്ദ്രൻ പെട്ടെന്നാണ് രോഗബാധിതനായത്. ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. രാജേന്ദ്രന്റെ ഭാര്യ ബീനയും അമ്മ കുഞ്ഞുപെണ്ണും ചികിത്സക്കുള്ള പണത്തിന് മാർഗമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായഹസ്തവുമായി ആസാദ് ഓട്ടോ ബ്രദേഴ്സ് എത്തിയത്. ചികിത്സാ ചെലവിന് പണം കണ്ടെത്താൻ ഇവർ വ്യാഴാഴ്ച ഓട്ടം മാറ്റി വച്ച് രാവിലെ മുതൽ രാത്രി പത്ത് വരെ റോഡിലിറങ്ങി പിരിവെടുത്തു. കൂടാതെ എറണാകുളം ജോയിന്റ് ആർ.ടി.ഒ രാജീവ് കെ.കെ ഉൾപ്പെട്ട സോൾമേറ്റ്സ് ബാൻഡിന്റെ നേതൃത്തിൽ സംഗീത പരിപാടിയും നടത്തി പണം കണ്ടെത്തി. പിരിഞ്ഞുകിട്ടിയ 82000/- രൂപ ഇന്നലെ കൊടുക്കാനിരിക്കെയാണ് നിനച്ചിരിക്കാതെ മരണം എത്തിയത്. മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.