
ആലുവ: ആലുവ നഗരസഭ ചെയർമാനെതിരെ കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ഒരു വർഷമായി ചെയർമാൻ എം.ഒ. ജോൺ പിന്തുടരുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരായിട്ടായിരുന്നു പ്രതിഷേധം.
കൗൺസിൽ യോഗത്തിൽ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക, പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കിയതായി പ്രഖ്യാപിക്കുക, നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി തീരുമാനങ്ങളെടുക്കുക, മിനുട്‌സിൽ കൃത്യമമായി രേഖപ്പെടുത്താതിരിക്കുക എന്നിങ്ങനെ ജനാധിപത്യ നടപടികളാണ് ചെയർമാൻ സ്വീകരിക്കുന്നതെന്നാണ് പരാതി. നഗരസഭയിലെ പ്രധാനപ്പെട്ട വിഷയങ്ങളായ മാർക്കറ്റ് പുനർനിർമാണത്തിന്റെ പദ്ധതിരേഖ, ധനസമാഹരണം, പൂർത്തിയാക്കാനുള്ള കാലാവധി എന്നിവയിലും പഴയ ബസ് സ്റ്റാൻഡിലെ വ്യാപാരികളെ ഒഴിപ്പിക്കാനുള്ള വിഷയത്തിൽ വ്യാപാരികളുടെ നഷ്ട പരിഹാരം പുനരധിവാസം, കെട്ടിട പുനരുദ്ധാരണ പദ്ധതി, പൂർത്തിയാക്കാനുള്ള സമയം എന്നിങ്ങനെ ഒന്നിലും ചർച്ചകൾ നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണ്.
കൗൺസിലർമാരായ ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി എന്നിവരാണ് കൗൺസിൽ യോഗത്തിൽ കറുത്ത തുണി ഉപയോഗിച്ച് വായ മൂടികെട്ടി പ്രതിഷേധിച്ചത്. ചെയർമാന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ ബി.ജെ.പി ശക്തമായ സമരമാരംഭിക്കുമെന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയുമായ പി.എസ്. പ്രീത പറഞ്ഞു.