കൊച്ചി: തിരുവനന്തപുരത്ത് നടന്ന സി.പി.എം മെഗാ തിരുവാതിരയെ കളിയാക്കിയ സംഭവം കൂട്ടുകാർക്കിടയിലെ രസനിമിഷത്തിൽ രൂപപ്പെട്ടതാണെന്ന് മിമിക്രിതാരവും സിനിമാനടനുമായ കലാഭവൻ അൻസാർ പറഞ്ഞു. കലൂർ സ്റ്റേഡിയത്തിൽ പ്രഭാതസവാരി കഴിഞ്ഞ് ചായകുടിച്ച് വിശ്രമിക്കുന്നതിനിടെയാണ് ഇതുണ്ടായത്. വീഡിയോ ക്ളിപ്പ് വൈറലാകുമെന്ന് കരുതിയേയില്ല. സംസാരത്തിനിടെ തിരുവാതിരവിഷയം കടന്നുവന്നു. എന്റെ തിരുവാതിരകളി സുഹൃത്ത് പകർത്തി ഞങ്ങളുടെ സ്വകാര്യഗ്രൂപ്പിൽ ഇട്ടു. അവിടുന്നാണ് കൈവിട്ടുപോയത്.
സർക്കാരിനെയോ പിണറായി വിജയനെയോ അല്ല പരിഹസിച്ചത്. ആ തിരുവാതിരയെ മാത്രമാണ്. എൽ.ഡി.എഫ് സർക്കാരിന്റെ സ്ഥാനത്ത് കോൺഗ്രസ് ആയിരുന്നാലും താൻ ഇതുതന്നെചെയ്യും. ഉമ്മൻചാണ്ടിയെന്നോ പിണറായി വിജയനെന്നോ തനിക്ക് വ്യത്യാസമില്ലെന്നും അൻസാർ പറഞ്ഞു.
അമേരിക്ക, ബ്രിട്ടൻ തുടങ്ങി അനവധി രാജ്യങ്ങളിലെ മലയാളികൾ വീഡിയോകണ്ടു. വിളികൾ ഒട്ടേറെയുണ്ടായെങ്കിലും ആരും ദേഷ്യപ്പെട്ടില്ല. വിമർശിച്ചില്ല. അഭിനന്ദനങ്ങളാണെങ്കിൽ നിരവധി വരുകയും ചെയ്തു. സി.പി.എമ്മിലും കോൺഗ്രസിലും സുഹൃത്തുക്കൾ എനിക്കുണ്ട്. ഇവരെല്ലാം വിളിച്ചിരുന്നു. എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. എന്നാൽ വിമർശിക്കാനുള്ളതിനെ വിമർശിക്കും. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നായിരുന്നു ഇത്. കൂട്ടത്തിലുള്ള ഒരാൾ മരിച്ചു കിടക്കുമ്പോൾ ഇത്തരത്തിൽ എങ്ങനെ ചെയ്യാൻ സാധിക്കുമെന്ന് അൻസാർ ചോദിച്ചു.