കൊച്ചി: പരിഷ്‌കരിച്ച കുർബാന നടപ്പാക്കുന്നതിൽ എറണാകുളം അങ്കമാലി അതിരൂപതക്ക് ഇളവ് നൽകിയ ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ നടപടി നിയമവിരുദ്ധമെന്ന് വത്തിക്കാൻ. സീറോമലബാർസഭാ സിനഡ് നടക്കുന്നതിനിടെയാണ് വത്തിക്കാൻ അതൃപ്തി അറിയിച്ചത്.
നവംബർ 28 മുതലാണ് പരിഷ്കരിച്ച കുർബാന അർപ്പിക്കുന്നത് ആരംഭിച്ചത്. ഇതിൽനിന്ന് അതിരൂപതയെ ഒഴിവാക്കിയും ജനാഭിമുഖ കുർബാന തുടരാൻ അനുവദിച്ചുമാണ് ആന്റണി കരിയിൽ നവംബർ 27ന് സർക്കുലർ പുറത്തിറക്കിയത്. രൂപതകളിലെ വിശ്വാസംബന്ധിയായ വിഷയങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ കാനോൻ നിയമപ്രകാരം ബിഷപ്പിനുള്ള അധികാരം ഉപയോഗിച്ചാണ് സർക്കുലറെന്ന് ആർച്ച് ബിഷപ്പ് അറിയിച്ചിരുന്നു.
സിനഡിന്റെ തീരുമാനം മറികടക്കാൻ ബിഷപ്പിന് അധികാരമില്ലെന്ന് ആന്റണി കരിയിലിന് വത്തിക്കാൻ അയച്ച കത്തിൽ വ്യക്തമാക്കി. സമയപരിധി നിശ്ചിയിക്കാതെ കുർബാന നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ അനുവദിച്ചത് സഭാനിയമത്തിന് വിരുദ്ധമാണെന്ന് വത്തിക്കാൻ അറിയിച്ചു.
പരിഷ്‌കരിച്ച കുർബാന അതിരൂപതയിൽ ഒരു ഇടവക പള്ളിയിൽ മാത്രമാണ് നടപ്പാക്കാൻ കഴിഞ്ഞത്. അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും പരിഷ്കരിച്ച കുർബാനയെ എതിർക്കുകയാണ്. ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ടും ബിഷപ്പ് ആന്റണി കരിയിലിനെ സമ്മർദ്ദത്തിലാക്കി പരിഷ്കരിച്ച കുർബാന നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് സിനഡ് നടക്കുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുമ്പിൽ അൽമായ മുന്നേറ്റം നിരാഹാരസമരം തുടരുകയാണ്. അതിരൂപത സമിതി അംഗം പ്രകാശ് പി. ജോണാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.