മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ കൊവിഡിന് പിന്നാലെ പകർച്ചപ്പനിയും വ്യാപകമാകുന്നു. കൊവിഡിന് സമാനമായ ലക്ഷണങ്ങളോടെ വൈറൽപ്പനി പടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വൈറൽപ്പനി ബാധിച്ചു എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടന്ന് ഡോക്ടർമാർ
പറഞ്ഞു. എന്നാൽ കൊവിഡ് ഭീതിമൂലം രോഗികളിൽ ഒരുവിഭാഗം ആശുപത്രികളിൽ എത്താതെ മറ്റു ചികിത്സ മാർഗങ്ങളും സ്വയംചികിത്സയും അവലംബിക്കുകയാണെന്നാണ് അറിയുന്നത്. ശക്തമായ പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളാണ് വൈറൽപ്പനിക്കും ഉള്ളത്. പ്രായഭേദമന്യേ എല്ലാവരിലും പടരുന്ന വൈറൽപ്പനി വീട്ടിൽ ഒരാൾക്ക് വന്നാൽ മറ്റെല്ലാവർക്കും പടർന്നുപിടിക്കുകയാണ്. അതേസമയം, കൊവിഡ് പിടിപെടുമെന്നു ഭയന്ന് മിക്കവരും ആശുപത്രികളിൽ എത്തി ചികിത്സതേടാതെ സ്വയംചികിത്സ നടത്തുകയാണ്.