sola

കൊച്ചി : എറണാകുളം നിയോജക മണ്ഡലത്തിലെ ഗാർഹിക ഉപഭോക്താക്കൾക്കുള്ള സൗരോർജ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ടി.ജെ വിനോദ് എം.എൽ.എ കെന്നത്ത് ജോർജിന്റെ വസതിയിൽ നിർവഹിച്ചു. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിത ജോസ് അദ്ധ്യക്ഷയായി. ഡിവിഷൻ കൗൺസിലർ ലതിക പങ്കെടുത്തു. സർക്കാരിൽ നിന്ന് ലഭിക്കുന്ന സബ്‌സിഡി ആനുകൂല്യം കൊണ്ടാണ് ഈ പദ്ധതിയിൽ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. സൗരോർജനിലയം സ്ഥാപിക്കാൻ ആവശ്യമായ ആകെ തുകയിൽ മൂന്ന് കിലോ വാട്ട് വരെ 40 ശതമാനം സബ്‌സിഡിയും 3 മുതൽ 10കിലോ വാട്ട് വരെ 20 ശതമാനം സബ്‌സിഡിയും ലഭിക്കും. 2022 മാർച്ച് 31നകം നൂറു മെഗാ വാട്ട് ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ഇ.ബി പ്രവർത്തിക്കുന്നത്. എറണാകുളം സർക്കിളിനു കീഴിൽ വരുന്ന മൂവായിരം ഉപഭോക്താക്കൾക്ക് സൗരനിലയങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം.എൽ. എ പറഞ്ഞു.