കോലഞ്ചേരി: വേനൽ കടുത്തുതുടങ്ങിയതോടെ വിപണി കീഴടക്കി ദാഹശമനികൾ. കൃത്രിമ പാനീയങ്ങളോടുള്ള നാട്ടുകാരുടെ എതിർപ്പ് മുതലാക്കി ദാഹശമിനിയിലും വ്യാജനിറങ്ങി. പതിമുകമെന്ന പേരിൽ വിപണിയിൽ എത്തുന്നത് രാസപദാർത്ഥങ്ങളും കളറും കൃത്രിമരുചിയും ചേർത്ത തടിവേസ്റ്റുകൾ. വേനൽ കടുത്തതോടെ ദാഹശമിനിക്കായി നെട്ടോട്ടമോടുന്ന മലയാളിയ്ക്ക് തമിഴന്റെ വകയാണ് ദാഹശമിനിയും. നാട്ടിൽ പതിമുകമാണ് ദാഹശമിനിയായി ഉപയോഗിക്കുന്നതിൽ അധികവും. വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതാണ് പതിമുകം. തടിയായി വളർന്ന് വെട്ടിയെടുത്ത് ഉപയോഗിക്കുന്ന ഔഷധങ്ങളിലൊന്നാണിത്. ചപ്പങ്ങം എന്നും ഇത് അറിയപ്പെടുന്നു. കാട്ടിലും മറ്റും വൃക്ഷമായി വളരുന്ന ഇതിന്റെ കാതൽമരം ചെറുതാക്കി വെട്ടിയെടുത്താണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്ന് വേർതിരിക്കുന്ന ബ്രസിലിൽ എന്ന ചുവന്ന ചായം വസ്ത്രങ്ങൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും ഭക്ഷണ പദാർത്ഥങ്ങൾക്കും, പാനീയങ്ങൾക്കും ചുവപ്പു നിറം നൽകാൻ ഉപയോഗിക്കാറുണ്ട്. വയറിലെ അൾസർ, ദഹനമില്ലായ്മ,ചൊറിച്ചിൽ, മുറിവ് എന്നിവയുടെ ചികിത്സയ്ക്ക് ആയുർവേദത്തിലും ഉപയോഗിക്കുന്നുണ്ട്.
കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ ഏലക്കയോ രാമച്ചമോ കൊത്തമല്ലിയോ ഇടുന്നത് പതിവാണ്. ഇതിനെല്ലാം പകരം ഉപയോഗിക്കാവുന്ന മറ്റൊരു ആയുർവേദചേരുവ കൂടിയാണിത്. വെള്ളത്തിന് ഇളം ചുവപ്പുനിറം നൽകും. വേനലിൽ ശരീരം തണുപ്പിക്കാനും വയറ്റിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഉത്തമമാണ്. ചന്ദനത്തിന്റെ ഗുണമുള്ളതിനാൽ ഇതിനെ കുചന്ദം എന്നും പറയും. സംസ്ഥാനത്ത് പ്രതിദിനം മൂന്ന് ടൺ ദാഹശമനികൾ വിൽക്കുന്നതായാണ് കണക്ക്.
എത്തുന്നത് മറുനാടൻ
പതിമുകം കൂടുതലായി കാണുന്നത് ഇടുക്കി മേഖലയിലാണ്, അവിടെയും ആവശ്യത്തിന് മരങ്ങളില്ല. എന്നാൽ പതിമുക ദാഹശമനി അധികവും വരുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. അവിടെയാണെങ്കിൽ മരങ്ങൾ വിരളമാണ്. തമിഴ്‌നാട്ടിലെ തടിമില്ലുകളിലേയും ഫർണിച്ചർ ഫാക്ടറികളിലേയും തടിവേസ്റ്റുകളിൽ രാസപദാർത്ഥങ്ങൾ മുക്കി ഉണക്കി അയയ്ക്കുകയാണ് പതിവ്. ഇവിടെ പൊതുവിപണിയിലും മരുന്നുകടകളിലും 100 ഗ്രാമിന് 90 രൂപ വിലയുള്ള പതിമുകമാണ് 10രൂപയ്ക്ക് ഒരു പായ്ക്കറ്റ് ഇതേ തൂക്കത്തിൽ തമിഴൻ തരുന്നത്. എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളി, വ്യാജപതിമുകവും കിട്ടുന്ന വിലയ്ക്ക് വാങ്ങി ഒറിജിനലെന്നു കരുതി വെള്ളത്തിലിട്ട് കുടിച്ചു തീർക്കുകയാണ്.