തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. നഗരസഭാ ചിലവിൽ സ്വകാര്യ വ്യക്തികൾക്ക് സംരക്ഷണ മതിൽ കെട്ടാനുള്ള ശ്രമം തടഞ്ഞു. തൃക്കാക്കര നഗരസഭയിലെ മോഡൽ എൻജിനീയറിംഗ് കോളേജ് വാർഡിലെ മൂന്ന് സെന്റ് കോളനിക്ക് സമീപത്തെ സ്വകാര്യവ്യക്തികളുടെ സംരക്ഷണ ഭിത്തി നിർമ്മാണമാണ് ഓവർസിയറുടെ നേതൃത്വത്തിൽ തടഞ്ഞത്. സ്വതന്ത്ര കൗൺസിലർ ഇ.പി ഖാദർകുഞ്ഞിന്റെ വാർഡിലാണ് ഈ അനധികൃത നിർമ്മാണം. നഗരസഭാ ഫണ്ടിൽ നിന്ന് 8.93 ലക്ഷം രൂപാ മുടക്കിയാണ് നിർമ്മാണം നടത്താനൊരുങ്ങിയത്. മാസങ്ങൾക്ക് മുമ്പ് മറ്റൊരു ഓവർസിയറുടെ നേതൃത്വത്തിലായിരുന്നു ഈ നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് എടുത്തത്.
തുടർന്ന് ടെൻഡർ ചെയ്തു. ഭരണ സമതി ഓവർസിയർമാരെ വാർഡുകൾ പുന:ക്രമീകരിച്ചപ്പോൾ അന്നത്തെ ഓവർസിയർ മാറിയതോടെയാണ് കള്ളക്കളി വെളിച്ചത്തായത്. നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് പുതിയ ഓവർസിയർ നിർമ്മാണ സ്ഥലം പരിശോധിച്ച് നിർമ്മാണം നിറുത്തിവെക്കാൻ ആവശ്യപ്പെട്ടു. ചട്ടം ലംഘിച്ചു നടത്തിയ നിർമ്മാണം അഴിമതിയാണെന്നു ആരോപണമുയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയാക്കിയ കലുങ്ക് നിർമ്മാണത്തിന് വീണ്ടും ടെൻഡർ ചെയ്യാനുളള നടപടി വിവാദമായിരുന്നു.