കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തകർന്നുകിടക്കുന്ന 36 പൊതുമരാമത്ത് റോഡുകളിൽ പത്തെണ്ണത്തിന്റെ പണികൾ പൂർത്തിയാക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 22 റോഡുകളുടെ പണികൾ പുരോഗമിക്കുകയാണ്. കൊച്ചി നഗരത്തിലെയുൾപ്പെടെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ഹർജികളിലാണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി. കിഴക്കമ്പലം - നെല്ലാട് റോഡിൽ തകർന്നുകിടക്കുന്ന എട്ടുകിലോമീറ്റർ ദൂരം രണ്ടുമാസത്തിനുള്ളിൽ സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ഹൈക്കോടതിയിൽ അറിയിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ കാര്യത്തിൽ പുരോഗതിയുണ്ടെന്ന് അമിക്കസ് ക്യൂറിയും വ്യക്തമാക്കി.