കൊച്ചി: പരസ്പരവിരുദ്ധമായ കത്തുകൾ വഴി സഭാവിശ്വാസികളെ വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയം വഞ്ചിക്കുകയാണെന്ന് അതിരൂപത സംരക്ഷണസമിതി ആരോപിച്ചു. സീറോമലബാർസഭ സിനഡിന്റെ സമ്മർദ്ദം മൂലമാണ് എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ആന്റണി കരിയിലിന് പൗരസ്ത്യസംഘം കഴിഞ്ഞദിവസം കത്ത് നൽകിയത്. നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പയെ കരിയിൽ നേരിട്ട് സന്ദർശിച്ചപ്പോഴാണ് കാനോൻ നിയമപ്രകാരം അതിരൂപതയ്ക്ക് ഒഴിവ് അനുവദിച്ചത്. അതിരൂപതയിലെ തീരുമാനം മറ്റ് രൂപതകളും പിന്തുടരുകയും ചെയ്തു. സിനഡ് തീരുമാനം അംഗീകരിപ്പിക്കാൻ കടുത്ത സമ്മർദ്ദമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഇളവ് നിയമവിരുദ്ധമാണെന്ന കത്ത് നൽകിയത്. ജനാഭിമുഖ കുർബാന തുടരാൻ സമരമുറകൾ ശക്തമാക്കുമെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ അറിയിച്ചു.