കൊച്ചി: കവിയും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മുൻനിര സംഘാടകനുമായിരുന്ന എസ്. രമേശന് നാട് വിടചൊല്ലി. വിദ്യാർത്ഥികാലത്തെ സുഹൃത്തുക്കൾ മുതൽ പുതുതലമുറയിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർവരെയുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പച്ചാളത്തെ വീട്ടിലും എറണാകുളം ടൗൺഹാളിലും പൊതുദർശനത്തിനുശേഷം പച്ചാളം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. തുടർന്ന് അനുശോചനയോഗവും ചേർന്നു.
സിനിമാതാരം മമ്മൂട്ടി, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, പ്രൊഫ. എം. കെ. സാനു, ഡോ. തോമസ് മാത്യു, ഡോ. കെ. ജി. പൗലോസ്, ഡോ. സുനിൽ പി. ഇളയിടം, സിപ്പി പള്ളിപ്പുറം, മ്യൂസ് മേരി ജോർജ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ .എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജെ. മാക്‌സി, ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, സി.എസ്. സുജാത, എസ്. ശർമ, കെ. ചന്ദ്രൻപിള്ള, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ ടൗൺഹാളിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.