കോലഞ്ചേരി: കോലഞ്ചേരിയിലെ ശുദ്ധജല സ്രോതസായ ഒലിമ്പിൽ ചിറ വറ്റിവരളുന്നു. മെഡിക്കൽ കോളജ്, കോടതി, സ്‌കൂൾ, വ്യാപാരസ്ഥാപനങ്ങൾ, നിരവധി വീടുകൾ എന്നിവ ചിറയ്ക്ക് ചുറ്റുമാണ്. ഇവിടങ്ങളിലുള്ള കിണറുകളിലെ പ്രധാന ശുദ്ധജല സ്രോതസാണ് ചിറ. പെരിയാർവാലി കനാലിൽ വെള്ളം എത്തിയാൽ ചിറയിൽ വെള്ളമെത്തുമെന്നാണ് പതിവ്. എന്നാൽ ഇക്കുറി വെള്ളമെത്തിക്കുന്ന തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ചിറയിലേക്ക് വെള്ളമെത്തിയിട്ടില്ല. പെരുമ്പാവൂർ റോഡ് ക്രോസ് ചെയ്തുള്ള തോടുവഴിയാണ് ചിറയിലേക്ക് വെള്ളമെത്തുന്നത്. തോടിന്റെ തെക്കുവശത്ത് മാലിന്യം നിറഞ്ഞതിനാൽ കനാൽവെള്ളം ചിറയിലേക്ക് എത്താതെ പലവഴി തിരിഞ്ഞുപോവുകയാണ്. ഇതോടെ ചിറ വറ്റിവരണ്ടു. ചിറയിലേക്ക് വെള്ളമെത്താതിനാൽ സമീപത്തെ കിണറുകളും വറ്റി, കൃഷിക്ക് വെള്ളമെത്തിക്കാനും കഴിയുന്നില്ല. കനാൽ ശുദ്ധീകരിച്ച് വെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടുവർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി ചിറ നവീകരിച്ച് ചുറ്റും കരിങ്കല്ല് കെട്ടിയിരുന്നു. ചിറയോട് ചേർന്ന് ഉപയോഗപ്രദമല്ലാത്ത രീതിയിൽ സ്ഥിതിചെയ്യുന്ന കാത്തിരിപ്പ് കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധർ പ്ലാസ്റ്റിക് അടക്കമുള്ള കുപ്പികൾ ചിറയിലേക്ക് വലിച്ചെറിയുന്നതും ഭീഷണി ഉയർത്തുന്നുണ്ട്. ചിറയുടെ സമീപം സ്ഥിതി ചെയ്യുന്ന പച്ചനോട് പാടശേഖരത്തിലേക്ക് കൃഷി ആവശ്യത്തിനായി വെള്ളം എത്തിച്ചിരുന്നത് ഈ ചിറയിൽ നിന്നുമാണ്.