കൊച്ചി: ജില്ലയെ വീണ്ടും ആശങ്കയുടെ മുൾമുനയിൽ നിർത്തി കൊവിഡ് ബാധിതരുടെ എണ്ണവും ടി.പി.ആറും കുതിച്ച് പായുന്നു. ടി.പി.ആർ 30 കടന്നതാണ് ആശങ്കയ്ക്ക് കാരണം. മൂന്നാംതരംഗത്തിന്റെ തുടക്കമാണിതെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. വ്യാഴാഴ്ച 23.90 ആയിരുന്നിടത്ത് നിന്ന് ഇന്നലെ 30.84ലേക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു. ഒരു മാസം മുൻപ് 5.32 മാത്രമായിരുന്നു ടി.പി.ആർ.
കൊവിഡ് ബാധിതരുടെ എണ്ണത്തിലും ഞെട്ടിക്കുന്ന വർദ്ധനയാണ്. 3,198 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ഇതിൽ അഞ്ചു പേർക്കൊഴികെ എല്ലാവർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. വ്യാഴാഴ്ച 2,394 പേർക്കായിരുന്നു രോഗബാധ. ഒറ്റ ദിവസംകൊണ്ട് 804ന്റെ വർധന.
976 പേർ ഇന്നലെ രോഗമുക്തി നേടി. 2,976 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 1,205 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 19,132 ആണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,101 ആണ്. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്ന് 10,371 സാമ്പിളുകൾ കൂടി മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്.
വാക്‌സിനേഷൻ ഇന്നലെ
23,682 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 15,073 ആദ്യ ഡോസും 5,770 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 9,400 ഡോസും 14,276 ഡോസ് കൊവാക്‌സിനും ആറ് ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
വാക്‌സിനേഷൻ- ജില്ലയിൽ ഇതുവരെ
56,31,259 ഡോസ് വാക്‌സിനാണ് നൽകിയത്. 31,18,518 ആദ്യ ഡോസ് വാക്‌സിനും 24,98,955 സെക്കൻഡ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 50,03,978 ഡോസ് കൊവിഷീൽഡും 6,10,732 ഡോസ് കൊവാക്‌സിനും 16,549ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.
ബൂസ്റ്റർ ഡോസ്
ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 2,839 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ജില്ലയിലാകെ 13,786 പേർ മുൻകരുതൽ ഡോസ് സ്വീകരിച്ചു.
കൊവിഡ് ബാധിതർ
ഡിസംബർ 14ന്- 580
ഡിസംബർ 25ന്- 424
ജനുവരി അഞ്ചിന്- 1,081
ടി.പി.ആർ
ഡിസംബർ 14ന്- 5.32
ഡിസംബർ 25ന്- 6.46
ജനുവരി അഞ്ചിന്- 9.17