
തൃക്കാക്കര: സീപോർട്ട് - എയർപോർട്ട് റോഡിൽ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സീ പോർട്ട്- എയർ പോർട്ട് റോഡിൽ കളമശേരി മുതൽ കരിഞ്ഞാച്ചിറ വരെയുള്ള ഭാഗങ്ങളിൽ റോഡിന് ഇരുവശവും കണ്ടെയ്നർ ലോറികളും ടാങ്കർ ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്ത് അടിക്കടി അപകടങ്ങൾ ഉണ്ടാവുന്നതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിക്കൊരുങ്ങുന്നത്. ജനുവരി ഒന്നുമുതൽ ഈ പ്രദേശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവർമാരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അനധികൃത പാർക്കിംഗിന് പലതവണ താക്കീത് നൽകിയിരുന്നു. എന്നാൽ അവർ പാർക്കിംഗ് തുടർന്നതോടെ ഇത്തരം വാഹനങ്ങൾക്കെതിരെ ഇന്നുമുതൽ പിഴ ഈടാക്കുന്നതടക്കമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് എറണാകുളം ആർ.ടി.ഓ പി.എം ഷബീർ പറഞ്ഞു. റോഡ് വക്കിൽ പ്രധാനമായും പെട്രോളിയം ഉത്പന്നങ്ങൾ കയറിവരുന്ന ലോറികളാണ്. ഇത്തരം പാർക്കിംഗ് വൻ അപകടത്തിന് വഴിവയ്ക്കുമെന്നതിനാൽ ഓയിൽ കമ്പനികളുടെയും ലോറി തൊഴിലാളി പ്രധിനിധികളുടെയും യോഗം വിളിച്ചിരുന്നു. സീപോർട്ട്- എയർ പോർട്ട് റോഡിൽ പാർക്ക് ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങൾ നിറച്ച വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ ശ്രമം.