കൊച്ചി: നവദർശൻ സ്‌പോർട്സ് അക്കാഡമിയുടെ വി.എസ് ഭവികയും കോതമംഗലം എം.എ സ്‌പോർട്‌സ് അക്കാഡമിയുടെ മുഹമ്മദ് ഷനൂബും ജില്ലാ ഒളിമ്പിക്‌സിലെ വേഗമേറിയ താരങ്ങൾ. ഗ്ലാമർ പോരാട്ടമായ 100മീറ്റർ ഓട്ടമത്സരത്തിൽ ഇരുവരും ഒന്നാമതായി. വനിതകളുടെ 200 മീറ്റർ ഓട്ടമത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സി.എം.ഐ പബ്ലിക്ക് സ്‌കൂളിലെ ആൻ തെരേസാ ടൈറ്റസയും പുരുഷന്മാരുടെ 200 മീറ്റർ ഓട്ടമത്സരത്തിൽ എം.എ സ്‌പോർട്‌സ് അക്കാഡമിയുടെ കെ.എം മുഹമ്മദ് ഷനൂബും സ്വർണം നേടി. അത്‌ലറ്റിക്‌സിൽ പുരുഷ വിഭാഗത്തിൽ കോതമംഗലം മാർ അത്തനാസിയോസ് സ്‌പോർട്‌സ് അക്കാഡമിക്കും വനിതാ വിഭാഗത്തിൽ നായരമ്പലം ബി.വി.എച്ച്.എസിനുമാണ് ഓവറോൾ കീരീടം. 76 പോയിന്റ് നേടിയാണ് ഇരുടീമുകളും കിരീടം ഉയർത്തിയത്. പുരുഷ വിഭാഗത്തിൽ 62 പോയിന്റ് നേടിയ നായരമ്പലം ബി.വി.എച്ച് എസ് രണ്ടാം സ്ഥാനവും 43 പോയിന്റ് നേടിയ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് സ്‌പോർട്‌സ് അക്കാഡമി മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ 34 പോയിന്റ് നേടിയ എം.എ സ്‌പോർട്‌സ് അക്കാഡമിയാണ് രണ്ടാം സ്ഥാനത്ത്. 25 പോയിന്റ് നേടി സെന്റ് പീറ്റേഴ്‌സ് കോളേജ് സ്‌പോർട്ട്‌സ് അക്കാഡമി മൂന്നാം സ്ഥാനത്തെത്തി. ജില്ലാ ഒളിമ്പിക്‌സിന്റെ മത്സര ഇനങ്ങൾ ഇന്ന് സമാപിക്കും. സമാപന ദിനം ആർച്ചറി, ജൂഡോ, ഹാൻഡ്‌ബോൾ, ടേബിൾ ടെന്നിസ് മത്സരങ്ങൾ നടക്കും. ആർച്ചറി മത്സരം ചൂണ്ടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയയിലും, ജൂഡോ കാലടി ശ്രീശങ്കരാ കോളേജിലും ഹാൻഡ് ബോൾ തേവര എസ്.എച്ച് കോളേജിലും ടേബിൾ ടെന്നിസ് കടവന്ത്ര വൈ.എം.സി.എയിലുമാണ് നടക്കുക. നാളെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.