ഫോർട്ടുകൊച്ചി: പടിഞ്ഞാറൻ കൊച്ചിയിൽ കുടുംബശ്രീ, എ.ഡി.എസ് തിരഞ്ഞെടുപ്പ് അധികൃതരുടെ ഒത്താശയോടെ അട്ടിമറിക്കാൻ ശ്രമം. 2019-21 കാലയളവിൽ ഓഡിറ്റ് ചെയ്യാത്ത അയൽക്കൂട്ടങ്ങളെ പിൻവാതിലിലൂടെ അഫിലിയേഷൻ പുതുക്കി നൽകാൻ വരണാധികാരിയുടെ ഒത്താശയോടെ ശ്രമിക്കുന്നതായി കാണിച്ച് നഗരസഭ ഒന്നാം ഡിവിഷൻ കൗൺസിലർ ആന്റണി കുരീത്തറയാണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം ആന്റണി കുരീത്തറ നൽകിയ അപേക്ഷയിൽ ഒന്നാംഡിവിഷനിൽ 38 അയൽക്കൂട്ടങ്ങളാണ് ഓഡിറ്റ് ചെയ്തിട്ടുള്ളത്. ആറ് അയൽക്കൂട്ടങ്ങൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ നിയമം കാറ്റിൽ പറത്തി ഓഡിറ്റ് ചെയ്യാത്ത അയൽക്കൂട്ടങ്ങളെ പിൻവാതിൽ വഴി ഓഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് പരാതി. ജില്ലാ വരണാധികാരി ഇതിനായി കത്ത് നൽകുന്നതായും പരാതിയിലുണ്ട്.
പിൻവാതിൽ ഓഡിറ്റിംഗ് നടത്തിയ അയൽക്കൂട്ടങ്ങളെ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തണമെന്നും ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും കൗൺസിലർ പരാതിയിൽ പറയുന്നു. ഒന്നാം ഡിവിഷനിൽ എ.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് എൽ.ഡി.എഫ്, യു.ഡി.എഫ് പോര് നിലനിൽക്കുകയാണ്. നിലവിൽ യു.ഡി.എഫിനാണ് മുൻതൂക്കം. ഇത് ഭരണസ്വാധീനമുപയോഗിച്ച് എൽ.ഡി.എഫ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. വരുന്ന ചൊവ്വാഴ്ച ഫോർട്ടുകൊച്ചി സി.സി.ഇ.എ ഹാളിലാണ് തിരഞ്ഞെടുപ്പ്.
അതേസമയം ഒന്നാം ഡിവിഷനിലെ എ.ഡി.എസ് തിരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുപ്പതോളം അയൽക്കൂട്ടങ്ങളിലെ ഭാരവാഹികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എതിർ വിഭാഗം തങ്ങളെ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്ത്രീകളായ തങ്ങളുടെ ജീവന് ഭീഷണിയുള്ളതായും പരാതിയിൽ പറയുന്നു. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താൻ പൊലീസ് സംരക്ഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.