കോലഞ്ചേരി: കോലഞ്ചേരി ടൗണിൽ അമിത ഭാരവുമായി പോകുന്ന ടോറസുകൾ റോഡ് തകർത്തു. ബസ് സ്​റ്റാൻഡിനോട് ചേർന്നുള്ള മലയിൽ നിന്നുമാണ് മണ്ണെടുക്കുന്നത്. തിരക്കേറിയ കോലഞ്ചേരി പെരുമ്പാവൂർ റൂട്ടിലാണ് അമിതഭാരം കയ​റ്റി ടോറസ് ലോറികൾ മണ്ണുമായി പോകുന്നത്. അമിത ലോഡ് കയ​റ്റിയ ടോറസുകൾ നിരന്തരം പോകുന്നതിനാൽ മെഡിക്കൽ കോളജിലേക്കുള്ള റോഡും പൊളിഞ്ഞ് തുടങ്ങി. സ്‌കൂൾ സമയം പാലിക്കാതെയും, പൊടി ശല്ല്യം നിയന്ത്രിക്കാതെയും ഗതാഗതം തടസപ്പെടുത്തിയുമുള്ള മണ്ണെടുപ്പിനെതിരെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും കോലഞ്ചേരി ടൗണിൽ ആഴ്ചകളായി നടത്തുന്ന മണ്ണെടുപ്പ് നിർത്തിവയ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.